ഹൈദരാബാദ്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഹിന്ദു സഹോദരിമാരുടെ മംഗല്യ സൂത്രം തട്ടിയെടുത്ത് കടന്നുകളയുന്നവരെല്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അമ്മമാരുടെയും പെണ്‍മക്കളുടെയും താലിമാലയും സ്വത്തും തട്ടിയെടുത്ത് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിങ്ങളെ നുഴഞ്ഞു കയറ്റക്കാരായും ജിഹാദികളായും ചിത്രീകരിക്കുന്ന മോദിയുടെ നിലപാടുകളെ വിമര്‍ശിച്ച ഉവൈസി, അമിത് ഷായുടെയും മോദിയുടെയും പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. കൃത്യമായ ധാരണകളില്ലാതെയാണ് മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുവെന്ന കണക്കുകള്‍ മോദി പറയുന്നതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷം കാരണമാണ് പ്രതിപക്ഷപാര്‍ട്ടികളെ പാകിസ്ഥാനുമായി മോദി താരതമ്യപ്പെടുത്തുന്നതെന്ന് ദി പ്രിന്റിനോട് ഉവൈസി പറഞ്ഞു. ‘എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്? എന്ത് കൊണ്ട് നിങ്ങള്‍ ഇന്ത്യയെ ചൈനയുമായും യു.എസുമായോ താരതമ്യപെടുത്തുന്നില്ല? എന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിനും പിന്നില്‍ ബി.ജെ.പിയുടെ മുസ്ലിം വിദ്വേഷം തന്നെയാണെന്നും പറഞ്ഞു.
രാമക്ഷേത്രത്തെക്കുറിച്ചുള്ള വിധി പ്രഖ്യാപിക്കുമ്പോഴോ സര്‍ക്കാര്‍ സി.എ.എ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തപ്പോഴോ മുസ്‌ലിം സമൂഹം വലിയ നിശബ്ദത പാലിച്ചത് ഭാവിയില്‍ ഉണ്ടാകുന്ന ശബ്ദങ്ങള്‍ക്കുള്ള മുന്നൊരുക്കമാണെന്നായിരുന്നു ഉവൈസി പറഞ്ഞത്. ഈ നിശ്ശബ്ദതക്ക് ഒരു ശബ്ദമുണ്ട്, അത് ആളുകള്‍ക്ക് ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയില്ല. പക്ഷേ ഭാവിയില്‍ ഉണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തന്നെ ബി.ജെ.പിയുടെ ബി ടീം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെയും ഉവൈസി വിമര്‍ശിച്ചു. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും എല്ലാവരെയും ഉള്‍കൊള്ളുന്ന ഇന്ത്യക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉവൈസി പറഞ്ഞു.
Content Highlight: Indian Muslims not so ‘gaye guzre’, says Asaduddin Owaisi on Modi’s mangalsutra remark