താലിബാന്റെ 'ഇസ്‌ലാമിക് എമിറേറ്റി'നെ ഇന്ത്യന്‍ മുസ്‌ലിം സമൂഹം തള്ളിക്കളയണം; അഫ്ഗാന്‍ ജനതയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ മുസ്‌ലിം ഫോര്‍ സെക്കുലര്‍ ഡെമോക്രസി
ന്യൂദല്‍ഹി: താലിബാനെതിരെ ഇന്ത്യന്‍ മുസ്‌ലിം ഫോര്‍ സെക്കുലര്‍ ഡെമോക്രസി (ഐ.എം.എസ്.ഡി).
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ‘ഇസ്‌ലാമിക് എമിറേറ്റ്’ എന്ന ആശയം ഇന്ത്യന്‍ മുസ്‌ലിം സമൂഹം തള്ളിക്കളയണമെന്ന് ഐ.എം.എസ്.ഡി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
താലിബാന്‍ അധികാരം പിടിച്ചെടുത്തതില്‍ ഒരു വിഭാഗം ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രകടമായ ആഹ്ലാദം തങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയെന്നും ഐ.എം.എസ്.ഡി പറഞ്ഞു.
അധിനിവേശക്കാരെ പുറത്താക്കുന്നതും അവരുടെ പാവകളെ അട്ടിമറിക്കുന്നതും സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇസ്‌ലാമിന്റെ പ്രാകൃതമായ പതിപ്പ് കൊണ്ട് മുസ്‌ലിങ്ങളെയും അവരുടെ വിശ്വാസത്തെയും ലോകമൊട്ടാകെ പൈശാചികവല്‍ക്കരിക്കുന്നവരുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്നത് മറ്റൊന്നുമാണെന്നും ഐ.എം.എസ്.ഡി പറഞ്ഞു.
മതേതര-ജനാധിപത്യ രാഷ്ട്രത്തിന്റെയും മതപരമായ ബഹുസ്വരതയുടെയും അടിസ്ഥാന തത്വങ്ങളുമായി ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഒരു തരത്തിലും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും ശത്രുക്കളാല്‍ ചുറ്റപ്പെട്ട ദശലക്ഷക്കണക്കിന് അഫ്ഗാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊപ്പം ഐ.എം.എസ്.ഡി നിലകൊള്ളുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചവിട്ടിമെതിക്കപ്പെട്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.