'ഞങ്ങള്‍ക്ക് ഇസ്രഈലിന്റെ സാമ്പത്തിക മേഖല തകര്‍ക്കാന്‍ സാധിക്കും'; ഇന്ത്യയിലെ മുസ്‌ലിം കടയുടമകള്‍ ഇസ്രഈല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതായി അൽജസീറ റിപ്പോർട്ട്
World News
'ഞങ്ങള്‍ക്ക് ഇസ്രഈലിന്റെ സാമ്പത്തിക മേഖല തകര്‍ക്കാന്‍ സാധിക്കും'; ഇന്ത്യയിലെ മുസ്‌ലിം കടയുടമകള്‍ ഇസ്രഈല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതായി അൽജസീറ റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2023, 4:35 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം കടയുടമകള്‍ ഇസ്രഈല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതായി അൽജസീറ റിപ്പോർട്ട്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇസ്രഈല്‍, യു.എസ് ഉല്‍പന്നങ്ങള്‍ നിരോധിച്ചത്.

‘ഞങ്ങളുടെ വരുമാനം ചിലപ്പോള്‍ കുറഞ്ഞേക്കാം. ഞങ്ങള്‍ക്ക് അവരുടെ കൂടെ നിന്ന് പോരാടാന്‍ സാധിക്കില്ല. പക്ഷേ ഇസ്രഈലിന്റെ സാമ്പത്തിക മേഖല തകര്‍ക്കാന്‍ സാധിക്കും. ഇപ്പോള്‍ ആളുകള്‍ പകരം ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

മുന്‍പ് ആവശ്യപ്പെട്ടിരുന്ന ബ്രാന്‍ഡുകളുടെ ഡിമാന്‍ഡും ഇപ്പോള്‍ ബഹിഷ്‌കരണത്തിനു ശേഷം കുറഞ്ഞിട്ടുണ്ട്.തീര്‍ച്ചയായും ഇത് ഫലം കാണുക തന്നെ ചെയ്യും,’ കച്ചവടക്കാരനായ മുഹമ്മദ് നദീം അല്‍ ജസീറയോട് പറഞ്ഞു.

പെപ്‌സി, കൊക്കക്കോള പോലെയുള്ള ഉല്‍പന്നങ്ങള്‍ ഒന്നും അദ്ദേഹത്തിന്റെ കടയില്‍ ഇല്ല. ഇസ്രഈലി ഉല്‍പന്നങ്ങളുടെ നിരോധനം പ്രാദേശിക മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഒരു പുതിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക കുടുംബങ്ങളും കടയുടമകളുടെ ഉല്‍പന്നനിരോധനത്തിനോട് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

‘ഞാന്‍ ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തി. കുട്ടികള്‍ ഇഷ്ടപ്പെടുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ പലതും ഇസ്രഈലില്‍ നിന്നുമാണ്. പക്ഷേ ഈ പണം ഇസ്രഈല്‍ സര്‍ക്കാറിനെ സഹായിക്കും.

പക്ഷേ എനിക്ക് യുദ്ധത്തിനോടും ആക്രമണങ്ങളോടും അതൃപ്തിയാണുള്ളത്. അതുകൊണ്ട് തീര്‍ച്ചയായും ഇസ്രഈലി ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ആവശ്യമാണ്. ഗസയെ രക്ഷിക്കാന്‍ ഇത് ഞങ്ങളുടെ ചെറിയ സഹായം മാത്രമാണ്,’ ഒന്‍പത് വയസ്സുകാരനായ അഷര്‍ ഇംതിയാസ് പറഞ്ഞു

‘ഇസ്രഈല്‍ അതിക്രമങ്ങളെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ല. അതുകൊണ്ട് ഇത് ഗസക്കുവേണ്ടിയുള്ള ഞങ്ങളുടെ ചെറിയ സഹായം മാത്രമാണ്. ഇങ്ങനെ അമേരിക്കന്‍-ഇസ്രഈലി ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിലൂടെ അവിടുത്തെ ജനങ്ങളെ സഹായിക്കാനുള്ള ചെറിയ ഒരു പങ്കാളിത്തം മാത്രമാണ്,’നിഖത് റഹ്മാന്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളോട് സഹകരിക്കുന്നില്ലായെന്നും മറിച്ച് ഇസ്രഈല്‍ അനുകൂല നടപടികളോട് സഹകരിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ആദ്യത്തെ കാര്യം ഇവിടെ പ്രതിഷേധിക്കുക എന്നുള്ളത് തന്നെ ഒരു വലിയ പോരാട്ടമാണ്. ഇവിടെ പൊലീസുകരേയും അധികൃതകരേയും നേരിടേണ്ടിവരും. ഈയിടെ അലിഗ്രാ മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ പൊലീസ് നാല് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായത്,’ ആക്ടിവിസ്റ്റ് ആയ സര്‍ജീല്‍ ഉസ്മാനി പറഞ്ഞു.

Content Highlight: Indian muslim shopowners bans Israeli products