യു.എന്‍ വുമണ്‍ ആന്റ് റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ പിന്തുണയോടെ ഗീന ദേവിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ജെന്റര്‍ ഇന്‍ മീഡിയയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അന്തര്‍ദേശീയ തലത്തില്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് വന്‍വിവേചനമാണ് നേരിടേണ്ടിവരുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. സ്ഥിരം ഒരേ രീതിയിലും ലൈംഗികവസ്തുവായും അടിച്ചമര്‍ത്തപ്പെട്ട രീതിയിലുമാണ് ആഗോളതലത്തില്‍ സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത്.
സ്ത്രീ കഥാപാത്രങ്ങളെ ലൈംഗികവസ്തുവാക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ മുന്‍പന്തിയിലാണ്. ശക്തവും വ്യത്യസ്തവുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ ഏറെ പിന്നിലാണ്. ശാസ്ത്രജ്ഞന്‍മാരോ, എഞ്ചിനീയര്‍മാരോ ആയ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയില്‍ കുറവാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകജനസംഖ്യയുടെ ഏകദേശം പകുതി സ്ത്രീകള്‍ ആണെങ്കിലും സിനിമയിലെ പ്രധാനകഥാപാത്രങ്ങളില്‍ മൂന്നിലൊന്നില്‍ കുറവാണ് സ്ത്രീകള്‍. സിനിമയില്‍ സ്ത്രീകളെ ലൈംഗികവസ്തുക്കളായി ചിത്രീകരിക്കുന്നത് ആഗോളതലത്തില്‍ തന്നെ വ്യാപകമാണ്. പുരുഷനെ പാതി നഗ്നനായും മുഴുവന്‍ നഗ്നനായുമൊക്കെ പ്രദര്‍ശിപ്പിക്കുന്നതിന്റെ അഞ്ചോ ആറോ മടങ്ങ് അധികമാണ് സ്ത്രീകളെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത്.
സെക്‌സി വസ്ത്രങ്ങളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമ മൂന്നാം സ്ഥാനത്താണ്. ജര്‍മനിയും ഓസ്‌ത്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
സ്ത്രീ സംവിധായകരുടെയും എഴുത്തുകാരുടെയും നിര്‍മാതാക്കളുടെയും സാന്നിധ്യം ഇന്ത്യന്‍ സിനിമയില്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.