ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ട്വന്റി-20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ വെറും 132 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തിളങ്ങിയ ഒരു ക്ലിനിക്കല്‍ വിജയമായിരുന്നു ഇന്ത്യയുടേത്. എടുത്ത് പറയേണ്ടത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ്.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ടായിട്ടില്ല. എന്നിട്ടും ടീം സ്‌കോര്‍ 191ല്‍ എത്തിയെങ്കില്‍ അത് മൊത്തത്തിലുള്ള ടീം എഫോര്‍ട്ട് തന്നെയാണ്.
ഇതുപോലുള്ള മത്സരങ്ങള്‍ മധ്യനിരയുടെ ശക്തി കാട്ടിതരുന്നതാണ്. ആക്രമ മനോഭാവത്തോടെയാണ് എല്ലാ ബാറ്റര്‍മാരും ബാറ്റ് ചെയ്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ക്കുതന്നെ ആഞ്ഞടിച്ചിരുന്നു. ഓാപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തില്‍ മറ്റുള്ളവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലെത്തുകയായിരുന്നു.
രോഹിത് ശര്‍മയുടെ വെടിക്കെട്ടായിരുന്നു ആദ്യം കണ്ടത്. മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം 16 പന്തില്‍ നിന്നും 33 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ കളം വിട്ടത്. 206.25 സ്ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടിയ രോഹിത് ശര്‍മ മത്സരത്തില്‍ നിന്നും ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സറടിച്ച രണ്ടാമത്തെ ബാറ്റര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. 477 സിക്സറാണ് രോഹിത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും സ്വന്തമാക്കിയത്.
രോഹിത് ശര്‍മ കമ്പക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ സഹ ഓപ്പണര്‍ സൂര്യകുമാര്‍ യാദവും ഒട്ടും മോശമാക്കിയില്ല. 14 പന്തില്‍ നിന്നും 24 റണ്‍സുമായി അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു സ്‌കൈയുടെ മടക്കം.
പിന്നാലെയെത്തിയ ദീപക് ഹൂഡ 19 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ റിഷബ് പന്ത് തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.
31 പന്തില്‍ നിന്നും 44 റണ്‍സെടുത്താണ് പന്ത് കരുത്തുകാട്ടിയത്. ആറ് ബൗണ്ടറിയുമായി കളം നിറഞ്ഞാടിയ പന്ത് 141.94 സ്ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ടീമില്‍ ഇടം നേടിയ സഞ്ജു സാംസണും അക്സര്‍ പട്ടേലും അവസരമറിഞ്ഞു തന്നെ കളിച്ചു. 23 പന്തില്‍ നിന്നും 30 റണ്‍സുമായി സഞ്ജുവും എട്ട് പന്തില്‍ നിന്നും 20 റണ്‍സുമായി അക്സര്‍ പട്ടേലും പുറത്താവാതെ നിന്നു.
ഇന്ത്യന്‍ നിരയില്‍ ദിനേഷ് കാര്‍ത്തിക് മാത്രമാണ് അല്‍പ്പമെങ്കിലും മങ്ങിയത്. ഇരട്ടയക്കം കാണാതെ മടങ്ങിയത് ഡി.കെ മാത്രമായിരുന്നു. ഒമ്പത് പന്തില്‍ നിന്നും ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ദിനേഷ് കാര്‍ത്തിക് ഒഴികെ എല്ലാവരും തകര്‍ത്താടിയ ഈ ഒരു അഗ്രസീവ് അപ്രോച്ച് ഇന്ത്യക്ക് ഗുണം മാത്രമെ ചെയ്യുകയുള്ളു. ലോകകപ്പില്‍ ഈ ഒരു സമീപനത്തോടെ കളിച്ചാല്‍ മാത്രമെ ഇന്ത്യന്‍ ടീമിന് വിജയികളാകാന്‍ സാധിക്കുകയുള്ളു. ഈ ഒരു സമീപനമായിരിക്കും ഇന്ത്യ സ്വീകരിക്കുക എന്ന് നായകന്‍ രോഹിത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനെ ഊട്ടിയുറപ്പിക്കുന്ന പ്രകടനമായിരുന്നു ഇത്.
Content Highlights: Indian middle order’s top performance against west indies in fourth T20i