| Sunday, 24th September 2023, 9:42 pm

13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രക്ഷകനായി ഛേത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് പുരുഷ ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന ടീം ഇന്ത്യ. ഏഷ്യന്‍ ഗെയിംസില്‍ സിയോഷാന്‍ സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മ്യാന്‍മറിനോട് സമനില വഴങ്ങിയെങ്കിലും 16ാം റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യക്ക് സാധിച്ചു.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍ട്ടിയില്‍ നിന്നും നേടിയ ഗോളാണ് ടീമിനെ മുന്നിലെത്തിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. 74ാം മിനിട്ടില്‍ ക്യാവ് ഹത്വുവയ്ക്ക് മ്യാന്മറിന് സമനില നേടിക്കൊടുത്തു.

ഗ്രൂപ്പ് എയില്‍ ഇന്ത്യയും മ്യാന്‍മറും ഓരോ മത്സരങ്ങളില്‍ തോല്‍വി വഴങ്ങുകയും വിജയിക്കുകയും ചെയ്തിരുന്നു. ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. രണ്ട് മത്സരങ്ങളിലും ജയം നേടിയ ചൈനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്ത്യ അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെ നേരിടും

അതേസമയം വനിതാ ഫുട്ബോളില്‍ തായ്ലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ തായ്ലന്‍ഡ് തോല്‍പ്പിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശക്തരായ തായ്‌ലന്‍ഡിന് മുന്നില്‍ തോല്‍വി വഴങ്ങുകയായിരുന്നു. 53ാം മിനിട്ടില്‍ പാരിചത് തോങ്റോങ്ങാണ് തായ്ലന്‍ഡിനായി ലക്ഷ്യം കണ്ടത്. ഇന്ത്യക്ക് ഗോള്‍ മടക്കാന്‍ സാധിച്ചെങ്കിലും ഓഫ് സൈഡായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.

ആദ്യ മത്സരത്തില്‍ ചൈനീസ് തായ്പെയോട് 2-1നും ഇന്ത്യ തോറ്റിരുന്നു. മൂന്ന് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉണ്ടായിരുന്നത്. രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയതോടെ ഇന്ത്യ പുറത്തായി.

Content Highlights: Indian Men’s Football team enters to the pre quarter in Asia Cup

We use cookies to give you the best possible experience. Learn more