| Friday, 20th September 2013, 7:17 pm

ഇന്ത്യന്‍ പുരുഷ ഗുസ്തി ടീം ലോകക്കപ്പിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ചരിത്രത്തിലാദ്യായി ഇന്ത്യന്‍ പുരുഷ ടീം ലോകക്കപ്പ് ഗുസ്തി ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടി. ബുഡാപെസ്റ്റില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് ലോകക്കപ്പ് യോഗ്യത നേടിക്കൊടുത്തത്.

ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യ ആറാമതെത്തിയിരുന്നു. ഒരോ വെള്ളിയും വെങ്കലവും നേടി 23 പോയന്റോടെയാണ് ഇന്ത്യ ആറാമതെത്തിയത്.

അന്താരാഷ്ട്ര ഗുസ്തി അസോസിയേഷന്റെ നിയമമനുസരിച്ച് ആദ്യ എട്ട് സ്ഥാനക്കാര്‍ നേരിട്ട് ലോകക്കപ്പിന് യോഗ്യത നേടും. അടുത്തവര്‍ഷമാണ് ലോകക്കപ്പ്.

ലോകചാംപ്യന്‍ഷിപ്പില്‍ അമിത് കുമാര്‍ ദഹിയയും ബജ്‌റംഗുമാണ് ഇന്ത്യക്കായി മെഡലുകള്‍ നേടിയത്. 55 കിലോഗ്രാം വിഭാഗത്തിലായിരുന്നു അമിത് കുമാറിന്റെ വെള്ളിമെഡല്‍. ബജ്‌റംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി.

ഇതിന് മുമ്പ് ലോകചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം 2009ലായിരുന്നു. അന്ന്് ഇന്ത്യക്ക് പത്താം സ്ഥാനമായിരുന്നു. 2010ല്‍ പതിമൂന്നാം സ്ഥാനത്തും 2011ല്‍ മുപ്പത്തിഒന്നാം സ്ഥാനത്തുമെത്താനേ ഇന്ത്യക്ക് സാധിച്ചിരുന്നുള്ളൂ.

ഇന്ത്യയുടെ വനിതാ ടീം നേരത്തെ ലോകക്കപ്പിന് യോഗ്യത നേടിയിരുന്നു. മാര്‍ച്ചില്‍ മംഗോളിയയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ അഞ്ചാമത്തെതിയാണ് വനിതാ ടീം യോഗ്യതാ കടമ്പ കടന്നത്.

We use cookies to give you the best possible experience. Learn more