| Monday, 25th May 2020, 2:08 pm

കൊവിഡ്; സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം; സര്‍ക്കാരിനോട് ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ കാര്യത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

സംസ്ഥാനത്തേക്ക് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും തീവ്രബാധിത മേഖലകളില്‍ നിന്ന് വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് സര്‍ക്കാരിനോട് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.

വീട്ടിലെ നിരീക്ഷണത്തില്‍ പാളിച്ചയുണ്ടെന്നും സര്‍ക്കാര്‍ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഐ.എം.എ വ്യക്തമാക്കി.

വീട്ടിലെ നിരീക്ഷണത്തില്‍ പിഴവുണ്ടായാല്‍ സമൂഹവ്യാപനത്തിന് വഴിവയ്ക്കും. അതുകൊണ്ട് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ നിര്‍ബന്ധിത നിരീക്ഷണം ഉറപ്പാക്കണം.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുളളവരുടെ തിരിച്ചുവരവ് നിയന്ത്രിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവതരമാണ്. പരിശോധനകളുടെ എണ്ണം കൂട്ടണം. സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നെന്ന വിമര്‍ശനവും ഐ.എം.എ ഉന്നയിക്കുന്നുണ്ട്.

ചികിത്സാരീതികള്‍, രോഗികളുടെ വിവരങ്ങള്‍, രോഗവ്യാപനം എന്നീ വിവരങ്ങള്‍ പല തവണ ഐ.എം.എ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ഇത്തരം വിവരങ്ങള്‍ സംസ്ഥാനത്തെ ഡോക്ടര്‍ സമൂഹത്തിന് ലഭ്യമാക്കണം, സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more