| Friday, 25th May 2018, 8:28 pm

പണം നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പരത്താം; കോബ്രോ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ല്‍ കുടുങ്ങി രാജ്യത്തെ പ്രമുഖമാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയ്ക്കു വേണ്ടി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാനും ഇന്ത്യയിലെ മാധ്യമങ്ങള്‍ കോടികള്‍ ആവശ്യപ്പെട്ടെന്ന് കോബ്രാ പോസ്റ്റ്. കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷന്‍ 136ലാണ് മാധ്യമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

വിനീത് ജെയിനിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപ്പിന്റെ ടൈംസ് ഓഫ് ഇന്ത്യ 1000 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യ ടുഡേ, സീ ന്യൂസ്, നെറ്റ് വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എ.ബി.പി ന്യൂസ്, ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്.എം, ലോക്മത്, എ.ബി.എന്‍ ആന്ധ്രാ ജ്യോതി, ടി.വി 5, ദിനമലര്‍, ബിഗ് എഫ്.എം, കെ ന്യൂസ്, ഇന്ത്യ വോയിസ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എം.വി ടിവി തുടങ്ങിയ മാധ്യമങ്ങളാണ് കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ല്‍ കുടുങ്ങിയത്.

ALSO READ:  അവര്‍ ഒരുമിക്കുന്നത് ഭീഷണിയാണ്; എസ്.പി-ബി.എസ്.പി സഖ്യം വെല്ലുവിളിയാണെന്ന് സമ്മതിച്ച് അമിത് ഷാ

കോബ്രാ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. എല്ലാ മേധാവികളും പണത്തിനായി ഹിന്ദുത്വ ആശയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കാമെന്നും രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാമെന്നും സമ്മതിച്ചപ്പോള്‍ ബര്‍ത്ത്മാന്‍ പത്രിക, ദൈനിക് സമ്പദ് എന്നീ രണ്ട് മാധ്യമങ്ങള്‍ മാത്രമാണ് എത്ര പണം നല്‍കിയാലും തങ്ങളുടെ മാധ്യമത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കില്ല എന്ന നിലപാടെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യംപെയ്‌നിന്റെ ആദ്യ മൂന്നുമാസത്തില്‍ ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുക, അടുത്തഘട്ടത്തില്‍ തീവ്രഹിന്ദുത്വ വക്താക്കളായ വിനയ് കത്യാര്‍, മോഹന്‍ ഭാഗവത്, ഉമാ ഭാരതി തുടങ്ങിയവരുടെ വര്‍ഗീയ പ്രസംഗങ്ങളെ പ്രൊമോട്ട് ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇവയെ കേന്ദ്രീകരിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്തുക എന്നിവയായിരുന്നു കരാര്‍.

ALSO READ:  വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബി.ജെ.പി: യെദ്യൂരപ്പയുടെ പ്രസംഗത്തിന്‌ പിന്നാലെ ഇറങ്ങിപ്പോക്ക്

രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും മായാവതിയെ ബുവ എന്നും അഖിലേഷ് യാദവിനെ ബാബുവ എന്നും ചിത്രീകരിക്കുക എന്നതും കരാറില്‍ ഉണ്ടായിരുന്നു. ഇിതനായി അച്ചടി-ദൃശ്യ-ശ്രാവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളേയും സോഷ്യല്‍ മീഡിയേയും ഫലപ്രദമായി ഉപയോഗിക്കുക എന്നതായിരുന്നു ഉടമ്പടി.

പണത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ നിലപാട്

– ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാം

– വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കാം

– രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കാം

– കള്ളപ്പണം നല്‍കിയാലും സ്വീകരിക്കാം

– നിഷ്പക്ഷതയും മാധ്യമധര്‍മ്മവും പണത്തിനു മുന്‍പില്‍ അടിയറവ് വെക്കാന്‍ തയ്യാറാണ്
-സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം

-രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുകയും സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്യാം

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്നും അതിനായി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിനെ നിയമിക്കാം എന്നുമായിരുന്നു സീ ന്യൂസിന്റെ വാഗ്ദാനം.

ALSO READ:  ‘ഗഗന്‍ദീപ് സിങ്, താങ്കള്‍ നീണാള്‍ വാഴട്ടെ’: ഹിന്ദുത്വ ഗുണ്ടകളില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ച് മാര്‍ക്കണ്ഠേയ കട്ജു

ആര്‍.എസ്.എസുമായി ബന്ധമുള്ള ആളുകളാണ് തങ്ങളെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ സ്റ്റിങ് ഓപ്പറേഷനില്‍ തുറന്നു പറഞ്ഞു. ബി.ജെ.പിയ്ക്കായി ക്യാംപെയ്ന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളു എന്നായിരുന്നു പലരുടെയും പ്രതികരണം. ദൈനിക് ഭാസ്‌ക്കര്‍ ഇതില്‍ ഉള്‍പ്പെടേണ്ടതാണെങ്കിലും ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോബ്രാ പോസ്റ്റ് ദൈനിക് ഭാസ്‌ക്കറിനെ ഒഴിവാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കോബ്രാ പോസ്റ്റിന്റെ മുഴുവന്‍ റിപ്പോര്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more