| Thursday, 17th September 2020, 7:33 am

യു.പി.എസ്.സി ജിഹാദ് വിദ്വേഷ പ്രചരണമല്ല അഭിപ്രായ സ്വാതന്ത്ര്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ദിവസം നമ്മുടെ രാജ്യത്തെ ഒരു മുഖ്യധാര ചാനല്‍ വലിയൊരു ആരോപണവുമായി രംഗത്തെത്തുന്നു. മുസ്‌ലിങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് നുഴഞ്ഞു കയറുകയാണ്, ഇവിടെ നടപ്പാകുന്നത് യു.പി.എസ്.സി ജിഹാദാണ്.

അങ്ങേയറ്റം വിദ്വേഷപരമായ ഈ ആരോപണം ഒരു തെളിവുമില്ലാതെ, ഒരു അടിസ്ഥാനവുമില്ലാതെയാണ് സുദര്‍ശന്‍ ടി.വി ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവാന്‍കേ മുന്നോട്ട് വെച്ചത്. സുദര്‍ശന്‍ ടി.വിയുടെ ബിന്ദാസ് ബോല്‍ എന്ന പരിപാടി അതോടെ വിവാദത്തില്‍പ്പെട്ടു.

പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് ഇക്ബാല്‍ ഖാന്‍ എന്ന വ്യക്തി സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. പക്ഷേ ഇതേ ദിവസം തന്നെ ദല്‍ഹി ഹൈക്കോടതി പരിപാടിക്ക് സ്റ്റേ ഏര്‍പ്പെടുത്തുകയും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ്ങ് മിനിസ്ട്രിയോട് പ്രേഗ്രാം കോഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

പരിപാടിക്ക് സ്റ്റേ ഏര്‍പ്പെടുത്തിയ ദല്‍ഹി ഹൈക്കോടതിയുടെ വിധിയോട് സുരേഷ് ചവാന്‍കേ പ്രതികരിച്ചത് താനൊരു സവര്‍ക്കര്‍ ഭക്തനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. കോടതി പരിപാടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സുദര്‍ശന്‍ ടി.വിയിലൂടെ തന്നെ ചര്‍ച്ച നടത്തിയ സുരേഷന് ചവാന്‍കെ, യു.പി.എസ്.സി ജിഹാദ് അവസാനിപ്പിക്കുന്നതുവരെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയില്ലെന്നും ആവര്‍ത്തിച്ചു. കൂടാതെ ഇതേ കോടതികളില്‍ നിന്ന് തന്നെ പരിപാടി സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി വാങ്ങിയെടുക്കുമെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം സുദര്‍ശന്‍ ടി.വിയ്ക്ക് സംപ്രേക്ഷണാനുമതി നല്‍കിയത്. പ്രോഗ്രാം കോഡുകള്‍ പാലിച്ചുകൊണ്ട് മാത്രമേ ചര്‍ച്ചകള്‍ നടത്താന്‍ പാടുള്ളുവെന്നും മന്ത്രാലയം പറഞ്ഞു.

തുടര്‍ന്ന് സെപ്തംബര്‍ പതിനൊന്ന് മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ സുദര്‍ശന്‍ ടി.വി യു.പി.എസ്.സി ജിഹാദുമായി ബന്ധപ്പെട്ട പരിപാടി സംപ്രേക്ഷണം ചെയ്തു. പിന്നാലെ സുപ്രീം കോടതി പരിപാടിയ്ക്ക് സ്റ്റേയും ഏര്‍പ്പെടുത്തി.

ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് വിലക്കേര്‍പ്പെടുത്തുന്നത് ഭരണ ഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നതുകൊണ്ടാണ് ബിന്ദാസ് ബോലിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആദ്യ ഹരജി തള്ളിയതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറയുന്നത് ഈ പരിപാടി സിവില്‍ സര്‍വീസിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്നത് ആ മതവിഭാഗത്തെ നിന്ദിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ്. അടിസ്ഥാനരഹിതമായ വാദങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി നീരീക്ഷിക്കുന്നു.

സിവില്‍ സര്‍വ്വീസിലേക്ക് മുസ്‌ലിങ്ങള്‍ നുഴഞ്ഞുകയറുകയാണെന്ന ചാനലിന്റെ വാദവും അവരെ ഗൂഢാലോചകരായി മുദ്രകുത്താനുള്ള ശ്രമത്തെയും വഞ്ചനാപരമായ നടപടിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. മുസ്‌ലിം വിഭാഗത്തിനെതിരെ പൊതു സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുക എന്നത് മാത്രമണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും കോടതി പറഞ്ഞു.

പരിപാടിയുടെ ഇതുവരെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകളുടെ ലക്ഷ്യവും, ഉദ്ദേശവും, മുസ്ലിങ്ങളെ അധിക്ഷേപിക്കുക എന്നത്് മാത്രമാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഏതെങ്കിലും മത വിഭാഗത്തിനെയോ, കമ്മ്യൂണിറ്റിയേയോ, വാക്കാലോ, ദൃശ്യങ്ങളാലോ അപകീര്‍ത്തിപ്പെടുത്തുന്നതും, അവര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതും പ്രോഗ്രാം കോഡ് റൂളുകള്‍ അനുവദിക്കാത്തതാണെന്നും കോടതി നീരീക്ഷിച്ചു.

ഏറെ വിവാദമായ ഈ കേസില്‍ കോടതിയുടെ മറ്റ് നീരീക്ഷണങ്ങള്‍ ഇവയായിരുന്നു.

ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും കേന്ദ്രമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്.

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.

ഈ രാജ്യത്തിന്റെ സുപ്രീംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസില്‍ മുസ്‌ലിങ്ങള്‍                         നുഴഞ്ഞുകയറുന്നു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അനുവദിച്ച് തരാനാകില്ല. ഒരു മാധ്യമപ്രവര്‍ത്തകന് അത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.

ഒരു സ്വാതന്ത്ര്യവും കേവലമല്ല, പത്രസ്വാതന്ത്ര്യം പോലും. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഭരണഘടനാപരമായ മറ്റ് മൂല്യങ്ങളിലേക്കും അവകാശങ്ങളിലേക്കും തങ്ങള്‍ക്ക് കടക്കേണ്ടതുണ്ട്.

ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്.

ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. മുസ്‌ലിം വിഭാഗത്തിലെ ജനങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് ഈ പരിപാടിയില്‍ പറയുന്നു. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യു.പി.എസ്.സിയുടെ വിശ്വാസ്യതയെക്കൂടിയാണ് ചോദ്യം ചെയ്യുന്നത്.

ഇതുകൂടാതെ മുസ്ലിങ്ങള്‍ക്ക് സിവില്‍ സര്‍വീസ്  പരീക്ഷയില്‍ 9 അവസരങ്ങള്‍ നല്‍കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് ആറ് അവസരം മാത്രമേ  നല്‍കുന്നുള്ളൂവെന്ന ചാനലിന്റെ അവകാശവാദം തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ കെട്ടുറപ്പിന് അനിവാര്യമാണെന്ന് അടിവരയിട്ടുകൊണ്ട തന്നെ പറയട്ടെ മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ട് രാഷ്ട്രീയാധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കുന്ന ചരിത്രവമുണ്ട്.

സമകാലിക ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാകുന്നത് ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ എളുപ്പം സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നതുമാണ്. രാജ്യത്ത് ഭരഘടന അട്ടിമറിക്കുന്നതുള്‍പ്പെടെയുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടാകുമ്പോഴും ദേശീയ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം ആഘോഷിക്കപ്പെടുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ജുതന്മാര്‍ക്കെതിരായ വികാരം ഇളക്കിവിടാന്‍ നാസികള്‍ ഉപയോഗിച്ചത് മാധ്യമങ്ങളെയായിരുന്നു.

ജര്‍മ്മനിയിലെ ദേര്‍ സ്റ്റിര്‍മര്‍ എന്ന ജൂത വിരുദ്ധ പത്രത്തിന്റെ പത്രാധിപനായിരുന്ന ജൂലിയസ് സ്ട്രീഷ്യറെ നൂറംബര്‍ഗിലെ ഇന്റര്‍നാഷണല്‍ മിലിറ്ററി ട്രൈബ്യൂണല്‍ കുറ്റക്കാരനായി കണ്ടെത്തി വധ ശിക്ഷയ്ക്ക് വിധിച്ച സംഭവങ്ങള്‍ പോലും നടന്നിട്ടുണ്ട്.

സ്ട്രീഷ്യറിന്റെ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ജൂതവിഭാഗക്കാരുടെ കൊലപാതകത്തിലക്കും മാനവികതയ്ക്കെതിരായ കുറ്റകൃത്യത്തിലേക്കും നയിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഈ കേസിലെ വിധി പ്രസ്താവം വായിക്കവെ കോടതി പറഞ്ഞത് ഇതായിരുന്നു

സ്ട്രീഷ്യര്‍ ജര്‍മ്മന്‍ ജനതയുടെ മനസുകളില്‍ ജൂത വിദ്വേഷമെന്ന വൈറസ് കുത്തിവെക്കുകയായിരുന്നു. ലക്ഷക്കണക്കിന് വായനാക്കാരുള്ള അദ്ദേഹത്തിന്റെ ഓരോ പത്രവും ഇത്തരം വിദ്വേഷം നിറഞ്ഞ ലേഖനങ്ങളാല്‍ നിറഞ്ഞതുമായിരുന്നു.സമകാലിക ഇന്ത്യയില്‍ അര്‍ണബ്  ഗോസ്വാമിയും സുരേഷ് ചവാന്‍കെയുമെല്ലാം നേരിടുന്നത് ഇതേ വിമര്‍ശനങ്ങളാണ്.

കഴിഞ്ഞ ദിവസം സുപ്രീം കോടതി അര്‍ണബ് ഗോസ്വാമിയോട് അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉപയോഗിച്ചുള്ള നിങ്ങളുടെ മാധ്യമ വിചാരണ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിരുത്തരവാദ മാധ്യമ പ്രവര്‍ത്തനവും, മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണവും സാമൂഹികമായ വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക.

ബിന്ദാസ് ബോലിന് ആദ്യ ഘട്ടത്തില്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിനെ വിമര്‍ശിച്ച് സുരേഷ് ചവാന്‍കെ നടത്തിയ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരിപാടിയിലും നടന്നത് മുസ്ലിം വിദ്വേഷ പ്രചരണങ്ങള്‍ മാത്രമായിരുന്നു.

ഒരു അടിസ്ഥാനവുമില്ലാത്ത ഈ യു.പി.എസ്.സി ജിഹാദിനെ സാധൂകരിക്കുന്നതിനായി സുരേഷ് ചവാന്‍കെ നിരത്തുന്ന വാദം 2018ല്‍ നാലു ശതമാനം മുസ്ലിം ക്യാന്‍ഡിഡേറ്റുകള്‍ യോഗ്യത നേടിയ ഇടത്തുനിന്ന് കഴിഞ്ഞ വര്‍ഷമെത്തുമ്പോഴേക്കും ഒരു ശതമാനം വര്‍ദ്ധിച്ച് അഞ്ച് ശതമാനം പേര്‍ സിവില്‍ സര്‍വ്വീസ് യോഗ്യത നേടി എന്നതാണ്.

ഇത്തരം ആരോപണങ്ങളെ മുന്‍ നിര്‍ത്തിയുള്ള വിവാദങ്ങളും വസ്തുതാവിരുദ്ധമായ വാര്‍ത്തകളും ഫലത്തില്‍ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം ഭരണകൂടങ്ങള്‍ക്ക് തങ്ങള്‍ക്ക് ഹിതകരമായ  രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അവസരത്തിലേക്ക് കൂടിയാണ് വഴിയൊരുക്കുക എന്ന നിരീക്ഷണങ്ങളെയും ലഘൂകരിക്കാന്‍ കഴിയില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസ് ഡെസ്‌ക്