| Monday, 7th January 2013, 1:18 pm

ജനകീയ സമരങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ക്കുന്ന മാവോയിസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹിയില്‍ ആ പാവം പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രൂരമായ പീഡനത്തെ എതിര്‍ത്തുകൊണ്ട് ദല്‍ഹിയിലെ തിളയ്ക്കുന്ന വിദ്യാര്‍ത്ഥിയൗവ്വനം ഉണര്‍ന്നെത്തിയതിനെ ‘മധ്യവര്‍ഗ സുന്ദരി സുന്ദരന്‍മാരുടെ’ മാധ്യമ സമരമായി മാവോയിസ്റ്റുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉടനീളം പ്രചരിപ്പിച്ചത് അരുന്ധതി റോയി നല്‍കിയ ‘വര്‍ഗവിശകലന’ത്തിന്റെ ഏക പിന്‍ബലത്തിലായിരുന്നു.ഷഫീക്ക് എച്ച് എഴുതുന്നു.


എസ്സേയ്‌സ് / ഷഫീക്ക് എച്ച്

“പച്ചക്കറിക്കടക്കാരും ഡ്രൈവര്‍മരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത് ഒരു മധ്യവര്‍ഗത്തിലെ പെണ്‍കുട്ടിയെ ആയിരുന്നുവെന്നും അതുകൊണ്ടാണ് ദല്‍ഹിയിലെ മധ്യവര്‍ഗങ്ങള്‍ സമരത്തിലേക്ക് എടുത്തുചാടിയതും” എന്ന മഹത്തായ കണ്ടുപിടിത്തവുമായാണ് അഭിനവ മാവോവാദി ബുദ്ധിജീവിയായ അരുന്ധതിറോയി ഈ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തത്.

അന്ന് അരുന്ധതിയുടെ ഈ വാദഗതിയെ തൊള്ളതൊടാതെ വിഴുങ്ങിക്കൊണ്ട് മാവോയിസ്റ്റുകള്‍ ദല്‍ഹിസമരത്തിനു നേരെ സൈദ്ധാന്തിക വെടിയൊച്ചകള്‍ മുഴക്കിയതും നമ്മള്‍ കണ്ടതാണ്.[]

ഇപ്പോള്‍ ഇവരൊക്കെ തന്നെ ഇഞ്ചികടിച്ച കുരങ്ങന്റെ അവസ്ഥയിലായി. കാരണം ദല്‍ഹിയില്‍ ഈ “ദലിത്/തൊഴിലാളിവര്‍ഗ” പുരുഷന്‍മാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന ഒരു ദലിതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു.

കുര്‍മി എന്ന പിന്നോക്ക ജാതി വിഭാഗത്തില്‍പ്പെട്ട ദരിദ്ര കര്‍ഷക കുടുംബത്തില്‍ നിന്നും മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ടെത്തിയ ഇവളെ നരാധമന്മാര്‍ പിച്ചിച്ചീന്തിയപ്പോള്‍ നമ്മുടെ ഈ മവോയിസ്റ്റ് സൈദ്ധാന്തിക എന്തിനു വേണ്ടിയായിരുന്നു ഇത്തരമൊരു വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്?

ദല്‍ഹിയില്‍ ആ പാവം പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രൂരമായ പീഡനത്തെ എതിര്‍ത്തുകൊണ്ട് ദല്‍ഹിയിലെ തിളയ്ക്കുന്ന വിദ്യാര്‍ത്ഥിയൗവ്വനം ഉണര്‍ന്നെത്തിയതിനെ “മദ്ധ്യവര്‍ഗ സുന്ദരി സുന്ദരന്‍മാരുടെ” മാധ്യമ സമരമായി മാവോയിസ്റ്റുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉടനീളം പ്രചരിപ്പിച്ചത് അരുന്ധതി റോയി നല്‍കിയ “വര്‍ഗവിശകലന”ത്തിന്റെ ഏക പിന്‍ബലത്തിലായിരുന്നു.

ഇന്ത്യയിലുടനീളം ദലിതരായിട്ടുള്ളവര്‍ കടുത്ത ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ അരുന്ധതിറോയിയുടെ ആനബുദ്ധിയുടെയൊന്നും ആവശ്യമില്ല. ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും ചെറുത്തു നില്‍പുകളും ഉയര്‍ന്നുവരേണ്ടത് അനിവാര്യം തന്നെയാണ്.

വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ പ്രാദേശീയവും ദേശീയവുമായ തലത്തില്‍ നടന്നു വരുന്നതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ജനാധിപത്യസമരങ്ങള്‍ നടക്കുന്നില്ല എന്ന് പൂര്‍ണമായി പറയാനാവില്ല. നവജനാധിപത്യ പ്രസ്ഥാനങ്ങളും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. അത്് ഒരുപാട് വികസിക്കേണ്ടതുമുണ്ട്.

അതുകൊണ്ട് മാവോയിസ്റ്റുകള്‍ മാത്രമാണ് ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നുള്ളുവെന്ന മിഥ്യാഭിമാനത്തിനും വകയില്ല. മറിച്ച് ഇത്തരം ചെറുസമരങ്ങളെ മാവോയിസ്റ്റുകള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. കാരണം അത്രമാത്രം ഏകപക്ഷീയവും ആത്മനിഷ്ഠവുമായ വിലയിരുത്തലിലാണ് മാവോയിസ്റ്റ് പ്രസ്ഥാനം അഭിരമിക്കുന്നത്.

ഈ ബുദ്ധിജീവികള്‍ തങ്ങളുടെ സൈദ്ധാന്തിക വാചാടോപങ്ങള്‍ ആരെയാണ് സഹായിക്കുന്നത് എന്ന് തിരിച്ചറിഞ്ഞില്ല. വിപ്ലവപക്ഷത്തിനുണ്ടാവുന്ന ഏതൊരു പിഴവും ഭരണ വര്‍ഗത്തെയായിരിക്കും സഹായിക്കുക എന്ന മാവോയുടെ അതീവ ലളിതമായ വചനങ്ങളെ പോലും ഗ്രഹിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല

ജനാധിപത്യ സമരമാര്‍ഗങ്ങളെ അപ്പാടെ നിഷേധിക്കുകയും ഭരണകൂടത്തിനെതിരായ സമരത്തിലേക്ക്, ഏകമാത്ര സമരമാര്‍ഗത്തിലേക്ക് വിപ്ലവസമരങ്ങളെ ചുരുക്കുകയും ചെയ്യുകയാണ് മാവോയിസ്റ്റുകള്‍.

അതുകൊണ്ടാണ് തങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള സായുദ്ധ പോരാട്ടത്തിനപ്പുറം വികസിച്ചുവരുന്ന സമരങ്ങളെ ഇവര്‍ ശത്രുതാപരമായിത്തന്നെ നേരിടുന്നത്. ഇത്തരം ഗൂഡാലോചന തന്നെയാണ് അരുന്ധതിറോയിയുടെ രംഗപ്രവേശത്തിനും പിന്നിലെന്ന് നമുക്ക് മനസ്സിലാക്കാം.

ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങളൊന്നും പുറത്തുവരാതിരുന്ന ഒരു സമയത്ത്, അതും പെണ്‍കുട്ടിയെ വിവിധ നാമങ്ങളില്‍ വിളിച്ചുകൊണ്ടിരുന്ന സമയത്ത് എങ്ങനെയാണ് അവള്‍ ഒരു മധ്യവര്‍ഗ പെണ്‍കുട്ടിയാണെന്ന് അരുന്ധതിക്ക് മനസ്സിലായ്ത്? അതും സചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കല്‍ നാടകവുമൊക്കെ അരങ്ങേറുന്ന വേളയിലാണ് സാക്ഷാല്‍ അരുന്ധതിയുടെയും വിവാദ അഭിമുഖം ചാനല്‍ചര്‍ച്ചകളിലേയ്ക്ക് കടന്നുവന്നത്.

തന്റെ ഈ വാദഗതി എങ്ങനെയാണ് ഇന്ത്യയിലെ യുവത്വത്തിത്തില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും പ്രതിസന്ധിയിലാക്കുകയെന്ന് അരുന്ധതിറോയ്ക്ക് നന്നായിതന്നെ അറിയാം. അപ്പോള്‍ ജനകീയമായി നടക്കുന്ന ഒരു സമരത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ അരുന്ധതിറോയി മാവോയിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സൈദ്ധാന്തിക കൂലിയെഴുത്ത് നടത്തുകയായിരുന്നു.

ഇന്ത്യയില്‍ പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെയും ജനകീയയുദ്ധത്തിന്റെയും ട്രാജിക്‌കോമഡി വില്‍ക്കുകയാണിപ്പോള്‍ ഇവര്‍ ചെയ്യുന്നത്

ഈ ഏകപക്ഷീയത മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടെപ്പിറപ്പാണെന്നത് അതിന്റെ തന്നെ ചരിത്രം. 1970കളില്‍ സി.പി.ഐ.എമ്മിന്റെ ആധുനിക തിരുത്തല്‍വാദത്തിനെതിരെ സഖാക്കള്‍ ചാരുമജുംദാറിന്റെയും കാനുസന്യാലിന്റെയും നേതൃത്വത്തില്‍ ജന്മംകൊണ്ട നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര പാരഡിമാത്രമാണ് ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയതലവും.

ആധുനിക തിരുത്തല്‍വാദത്തിനെതിരെ ശക്തമായ പ്രസ്ഥാനമായി വളര്‍ന്നുവെന്നത് നക്‌സല്‍ബാരി പ്രസാഥാനത്തിന്റെ ചരിത്രപരമായ പ്രസക്തിയായി വിലയിരുത്താം. എന്നാല്‍ പ്രായോഗികമായി നക്‌സല്‍ബാരി പ്രസ്ഥാനം മുന്നോട്ട് വെച്ച ആശയശാസ്ത്രം തകര്‍ന്നടിഞ്ഞ കാഴ്ച്ചയാണ് നമ്മള്‍ ചരിത്രത്തില്‍ കാണുന്നത്.

ഈ ചരിത്രത്തെ വിലയിരുത്താനും അതില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും തയ്യാറാവാതെ ഇന്നും ഇന്ത്യയില്‍ പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെയും ജനകീയയുദ്ധത്തിന്റെയും ട്രാജിക്‌കോമഡി വില്‍ക്കുകയാണിപ്പോള്‍ ഇവര്‍ ചെയ്യുന്നത്.

ഇതേ ട്രാജിക് കോമഡിയാണ് ദല്‍ഹി വിഷയത്തിലും മാവോയിസ്റ്റ് ബുദ്ധിജീവികള്‍ക്ക് പറ്റിയത്. മാധ്യമങ്ങള്‍ക്ക് പറ്റിയ മുഖമുള്ള സുന്ദരി സുന്ദരന്‍മാരുടെ സമരമെന്ന് ദല്‍ഹി സമരത്തെ ഇവര്‍ വിശേഷിപ്പിച്ച അതേ അവസരത്തില്‍ തന്നെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്റെ പ്രസ്താവനയും വന്നു, “കുറേ പെയിന്റടിച്ച പെണ്‍കുട്ടികളുടെ സമരം”.

അപ്പോഴും ഈ ബുദ്ധിജീവികള്‍ തങ്ങളുടെ സൈദ്ധാന്തിക വാചാടോപങ്ങള്‍ ആരെയാണ് സഹായിക്കുന്നത് എന്ന് തിരിച്ചറിഞ്ഞില്ല. വിപ്ലവപക്ഷത്തിനുണ്ടാവുന്ന ഏതൊരു പിഴവും ഭരണ വര്‍ഗത്തെയായിരിക്കും സഹായിക്കുക എന്ന മാവോയുടെ അതീവ ലളിതമായ വചനങ്ങളെ പോലും ഗ്രഹിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
അടുത്തപേജില്‍ തുടരുന്നു

അല്ലാതെ ഏതെങ്കിലും മാളത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ഭരണകൂടവുമായി മാത്രം ഏറ്റുമുട്ടുകയും സാമാന്യ ജനതയെ അഭിസംബോധന ചെയ്യാതെയും അവരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കാതെയും ജനങ്ങളെ രാഷ്ട്രീയപരമായി പഠിപ്പിച്ചുകളയാം എന്ന ഇവരുടെ ധാര്‍ഷ്ഠ്യം ‘ജനങ്ങളില്‍ നിന്ന് പഠിക്കുക, ജനങ്ങളെ പഠിപ്പിക്കുക’ എന്ന മാവോചിന്തകള്‍ക്ക് കടക വിരുദ്ധം തന്നെയാണ്.

ദല്‍ഹി സമരം ഇന്ത്യയുടെ ഭരണകൂടത്തെയും ഭരണ വര്‍ഗത്തെയും തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പോലും സിംഗപ്പൂരിലേക്ക് ഒളിച്ചു കടത്തേണ്ടുന്ന സ്ഥിതിയിലേക്ക് ഭരണകൂടം എത്തിച്ചേര്‍ന്നു. അത്രമാത്രം ഇന്ത്യയെ തന്നെ ദല്‍ഹി സമരം പിടിച്ചുകുലുക്കി.

ഈ സമരത്തെ തള്ളിക്കളയുന്നതിലൂടെ ഇതിന് പിന്നാട്ടടി ഉണ്ടാക്കാനായി അരുന്ധതി റോയിയുമായി ഇവര്‍ എത്തുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകള്‍ ഭരണവര്‍ഗങ്ങളുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. അതുകൊണ്ടാണ് ദല്‍ഹി സമരത്തെക്കുറിച്ച് പ്രണബിന്റെ മകന്റെയും മാവോയിസ്റ്റുകളുടെയും വിലയിരുത്തല്‍ ഒന്നായിത്തീരുന്നത്.[]

തങ്ങളുടെ സങ്കുചിത ബോധത്തില്‍ നിന്നുമായിരുന്നു മാവോയിസ്‌ററുകള്‍ ഇത്തത്തില്‍ ഒരു വിലയിരുത്തലില്‍ എത്തിച്ചേര്‍ന്നത്. മരിച്ചത് മധ്യവര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണെങ്കില്‍ തന്നെ കമ്മ്യൂണിസറ്റുകളുടെ രീതിയിലാണോ ഇടപെടേണ്ടത്?

വ്യത്യസ്ത സാമൂഹ്യ വൈരുധ്യങ്ങളെ വ്യത്യസ്ത വിധത്തില്‍ തന്നെ സമീപിക്കേണ്ടതുണ്ടെന്ന് വൈരുദ്ധ്യവാദത്തെ കുറിച്ചുള്ള തന്റെ പ്രബന്ധത്തല്‍ മാവോ വ്യക്തമാക്കുന്നുണ്ട്. ദലിതര്‍ അനുഭവിക്കുന്ന സ്വത്വ പ്രശ്‌നമല്ല സ്ത്രീകള്‍ മൊത്തത്തില്‍ അനുഭവിക്കുന്ന സ്വത്വ പ്രശ്‌നം.

ഇതില്‍ തന്നെ ദലിത് ആദിവാസി സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അതീവ സങ്കീര്‍ണമായിരിക്കും. അവള്‍ക്ക് തൊഴിലാളി പുരുഷന്റെയും ദലിത് പുരുഷന്റെയും പീഡനങ്ങള്‍കൂടി ഏല്‍ക്കേണ്ടി വരുന്നു.

ഈ ഒരു പശ്ചാത്തലത്തില്‍ സ്ത്രീകളുടെ വിമോചനം എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടു കൂടിയാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് സ്ത്രീ വിഷയത്തില്‍ ഇടപെടേണ്ടി വരിക. അത്തരമൊരു സമരം നടക്കുമ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കുകയല്ല, അതിനെ  തള്ളിക്കളയുകയല്ല (അത് ബൂര്‍ഷ്വാസി നേതൃത്വം നല്‍കുന്ന സമരങ്ങളായാല്‍ പോലും) മറിച്ച് അതില്‍ സജീവമായി പങ്കുചേര്‍ന്നുകൊണ്ട് ശരിയായ മുദ്രാവാക്യം അഥവാ രാഷ്ട്രീയം ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്.

അങ്ങനെ സമര നേതൃത്വ കേന്ദ്രത്തിലേക്ക് മാര്‍ക്‌സിസ്റ്റുകള്‍ കടന്നുവരാനുള്ള ശ്രമങ്ങളാണ് ഏറ്റെടുക്കേണ്ടത്. അങ്ങനെ തന്നെയാണ് ജനാധിപത്യ സമരങ്ങള്‍ക്ക് അഥവാ ജനങ്ങള്‍ക്ക് ശരിയായ ദിശ കൈവരുന്നത്.

അല്ലാതെ ഏതെങ്കിലും മാളത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ഭരണകൂടവുമായി മാത്രം ഏറ്റുമുട്ടുകയും സാമാന്യ ജനതയെ അഭിസംബോധന ചെയ്യാതെയും അവരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കാതെയും ജനങ്ങളെ രാഷ്ട്രീയപരമായി പഠിപ്പിച്ചുകളയാം എന്ന ഇവരുടെ ധാര്‍ഷ്ഠ്യം “ജനങ്ങളില്‍ നിന്ന് പഠിക്കുക, ജനങ്ങളെ പഠിപ്പിക്കുക” എന്ന മാവോചിന്തകള്‍ക്ക് കടക വിരുദ്ധം തന്നെയാണ്.

മാവോചിന്തകളുടെ വികലീകൃത രൂപമാണ് ഇവിടുത്തെ മാവോയിസം. ദലിതരും പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരുടെയും എതാനും മേഖലകളിലാണ് ഇവര്‍ക്കിന്ന് സ്വാധീനങ്ങളുള്ളത്. അത്തരം പോക്കറ്റുകള്‍ നഷ്ടമാകാതിരിക്കാന്‍ വര്‍ഗരാഷ്ട്രീയവും ജനകീയ പാതയും കൈവെടിഞ്ഞ് ജാതിവിശകലനത്തിന്റെ സങ്കുചിതവും ക്രൂരവുമായ ആയുദ്ധം പ്രയോഗിക്കുകയായിരുന്നു അരുന്ധതിയിലൂടെ.

മധ്യവര്‍ഗത്തിന്റെ സമരങ്ങളെ തള്ളിക്കളയണമെന്ന് മാവോ എവിടെയാണ് പറഞ്ഞിട്ടുള്ളത്? മറിച്ച് മധ്യവര്‍ഗത്തെ അഥവ പെറ്റിബൂര്‍ഷ്വാസിയെ ഒരു വിപ്ലവ ശക്തിയായിക്കാണാനാണ് മാവോ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അവയില്‍ വലിയൊരു വിഭാഗത്തെ വിപ്ലവപക്ഷത്ത് നിര്‍ത്താന്‍ മാവോയ്ക്ക് കഴിഞ്ഞതും.

ജനകീയ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിമുടി തിരുത്തല്‍ വാദശക്തികള്‍ നിറഞ്ഞ അവസരത്തില്‍ മാവോ സാംസ്‌ക്കാരിക വിപ്ലവത്തിനു നേതൃത്വം നല്‍കിയപ്പോള്‍ അതില്‍ മധ്യവര്‍ഗമെന്ന് നമ്മുടെ മാവോയിസ്റ്റുകള്‍ വിലയിരുത്തിയ വിദ്യാര്‍ത്ഥകളായിരുന്നു കൂടുതലും പങ്കുകൊണ്ടത്.

ഒരു വിപ്ലവത്തിലും പെറ്റിബൂര്‍ഷ്വാസിയെ ഒഴിവാക്കാനാവില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് കമ്മ്യൂണിസ്റ്റുകളുടെ കടമയാണെന്നത് മാര്‍ക്‌സിസം-ലെനിനിസത്തിന്റെ വിപ്ലവപാഠം.

മാവോ ജനങ്ങളെയാണ് അഭിസംബോധന ചെയ്തത്. നിലവിലുള്ളത് വര്‍ഗവിഭജിതമായ ഒരു സമൂഹമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് മാവോ “ജനങ്ങള്‍” എന്ന് അഭിസംബോധന ചെയ്തത്. കമ്മ്യൂണിസ്റ്റുകളാകുന്നതിന്റെ രണ്ട് മാനദണ്ഡങ്ങളിലൊന്നായി അദ്ദേഹം മുന്നോട്ട് വെച്ചത്, ജനങ്ങളെ വിശ്വസിക്കുക എന്ന മുദ്രാവാക്യമാണ്.

വിപ്ലവത്തെ നിര്‍വചിച്ചത് ജനങ്ങളടെ ഉത്സവമായാണ്. ലോകചരിത്രത്തിന്റെ ചാലകശക്തികളായി ഏതെങ്കിലും വര്‍ഗങ്ങളെയല്ല മറിച്ച് “ജനങ്ങളെ, ജനങ്ങളെ മാത്രമാണ്” (people and people alone) അദ്ദേഹം പ്രതിഷ്ഠിച്ചത്.

കാരണം ഒരു വര്‍ഗത്തിന്റെ വിമോചനശാസ്ത്രമല്ല മറിച്ച് ഒരു ജനതയുടെ വിമോചന പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസം. ജനങ്ങളുടെ മൊത്തം വിമോചനത്തിന്റെ മുന്നോടി എന്ന നിലയിലാണ് തൊഴിലാളിവര്‍ഗ വിമോചനത്തെ/വിപ്ലവത്തെ/സോഷ്യലിസത്തെയൊക്കെ മാര്‍ക്‌സിസം-ലെനിനിസം വിഭാവന ചെയ്യുന്നത്.

അതുകൊണ്ട് മാവോചിന്തകളുടെ വികലീകൃത രൂപമാണ് ഇവിടുത്തെ മാവോയിസം. ദലിതരും പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരുടെയും എതാനും മേഖലകളിലാണ് ഇവര്‍ക്കിന്ന് സ്വാധീനങ്ങളുള്ളത്. അത്തരം പോക്കറ്റുകള്‍ നഷ്ടമാകാതിരിക്കാന്‍ വര്‍ഗരാഷ്ട്രീയവും ജനകീയ പാതയും കൈവെടിഞ്ഞ് ജാതിവിശകലനത്തിന്റെ സങ്കുചിതവും ക്രൂരവുമായ ആയുദ്ധം പ്രയോഗിക്കുകയായിരുന്നു അരുന്ധതിയിലൂടെ.

അതുകൊണ്ടാണ് ഇന്ത്യയില്‍ ദലിത്/ആദിവാസി വേട്ടക്കെതിരെയുള്ള ചെറുത്തു നില്‍പ്പുകളില്‍ ജനകീയ പങ്കാളിത്തം കുറഞ്ഞു എന്നതുകൊണ്ട് മധ്യവര്‍ഗ സ്ത്രീകള്‍ക്കുനേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ യുവജനങ്ങള്‍ പങ്കെടുക്കുന്നതിനെ പരിഹസിക്കുന്നത്. (മരിച്ച പെണ്‍കുട്ടി മധ്യവര്‍ഗവുമല്ല, യുവജനങ്ങള്‍ ഡല്‍ഹി പ്രാന്തപ്രദേശത്തെ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായിരുന്നു.) ഇതിലൂടെ ഇവര്‍ ചരിത്രത്തെ തന്നെയാണ് അപഹസിക്കുന്നത്.

ഇതൊരു ഒളിയജണ്ടയാണ്. ജനാധിപത്യപരമായി നടക്കുന്ന സമരങ്ങളെ എന്തുവിലകൊടുത്തും ഒറ്റപ്പെടുത്തുക എന്ന തന്ത്രം. തങ്ങളുടെ ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മത്രമാണ് ഇനിയൊരു പ്രതീക്ഷ എന്നു വരുത്തിത്തീര്‍ക്കാനുള്ള ധൃതിപിടിച്ച ശ്രമം. പക്വമാവാത്ത ഒരു സൈദ്ധാന്തിക പ്രയോഗമാണിത്.

വിപ്ലവസമരങ്ങളെയൊട്ടാകെ ഇവരുടെ ഈ കാരിക്കച്ചര്‍ രീതിമൂലം ജനങ്ങള്‍ തെറ്റിധരിക്കാന്‍ മാത്രമേ ഇടവരികയുള്ളു. ഇത് ആത്യന്തികമായി ഭരണവര്‍ഗതാല്‍പര്യങ്ങളെ മാത്രമേ സഹായിക്കുകയുള്ളു. അതുകൊണ്ടാണ് സച്ചിന്റെ വിരമിക്കല്‍ നാടകത്തേക്കാള്‍ ഒരു ജനകീയ സമരത്തില്‍ പ്രതിലോമപരമായി അരുന്ധതി റോയിയുടെ രംഗപ്രവേശം പ്രവര്‍ത്തിച്ചത്.


(മാവോവാദി നേതാവ് ഗോപാല്‍ജിമായുള്ള അഭിമുഖം)

We use cookies to give you the best possible experience. Learn more