കൊയ്റോ: വടക്കേ ആഫ്രിക്കയില്‍ അവകാശികളില്ലാതെ കിടന്ന 2,060 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍. ഈജിപ്തിനും സുഡാനുമിടയില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കടന്നു കയറിയാണ് സുയാഷ് ദീക്ഷിത് എന്ന ഇന്ത്യക്കാരന്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചത്.
“കിങ്ഡം ഓഫ് ദീക്ഷിത്” എന്ന രാജ്യത്തിന്റെ പ്രഖ്യാപനവുമായാണ് യുവാവ് ലോക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ഈജിപ്ത് അതിര്‍ത്തിയുടെ തെക്ക് ഭാഗത്തെ “ബിര്‍ താവില്‍” എന്നറിയപ്പെടുന്ന പ്രദേശത്ത് കടന്നുകയറിയ യുവാവ് സ്വന്തം രാജ്യം പ്രഖ്യാപിച്ചത്.
ഭൂമിയുടെ അവകാശം സ്ഥാപിക്കുന്നതിനായി സൂര്യകാന്തി പൂവിന്റെ വിത്തും ഇയാള്‍ ഇവിടെ നടുകയുണ്ടായി. ഈജിപ്തിന്റെയും സുഡാന്റെയും ഭാഗമല്ലാത്ത “ബിര്‍ താവില്‍” നിലവില്‍ ഒരു രാജ്യവും അവകാശം സ്ഥാപിക്കുകയോ ആരുടെയും ഭാഗമാക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയായിരുന്നു സുയാഷ് ദീക്ഷിത് പുതിയ രാജ്യത്തിന്റെ അവകാശം പ്രഖ്യാപിച്ചത്. ഇന്‍ഡോറിലെ ബിസിനസ്സുകാരനായ ഇയാള്‍ രാജ്യത്തിന്റെ രാജാവായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പുറമെ തന്റെ പിതാവ് യുയോഗ് ദിക്ഷിതിനെ ആക്ടിങ്ങ് പ്രധാനമന്ത്രിയായും സൈനികാധിപനായും ഇയാള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തെ മറ്റു ഗവണ്‍മെന്റ് ഉദ്യോഗത്തിനുള്ള ഒഴിവുകളിലേക്ക് അപേക്ഷയും ഇയാള്‍ ക്ഷണിച്ചിട്ടുണ്ട്. കിങ്ഡം ഓഫ് ദീക്ഷിതിന്റെ തലസ്ഥാനം സുയാഷ്പുര്‍ എന്നറിയപ്പെടുമെന്ന പ്രഖ്യാപനവും സുയാഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിട്ടുണ്ട്.
“തന്റെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും മാതൃരാജ്യത്തിന്റെ അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത ഇദ്ദേഹം വിദേശ നിക്ഷേപവും പൗരത്വത്തിനുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്.
മരുഭൂമിയിലൂടെ 319 കിലോമീറ്റര്‍ സഞ്ചരിച്ചാണ് താന്‍ അവിടെയെത്തിച്ചേര്‍ന്നതെന്നും വളരെ ദുര്‍ഘടമായ പാതയായിരുന്നതെന്നം സുയാഷ് പറയുന്നു. “ഞാനീ മണ്ണില്‍ വിത്ത് പാകിയിട്ടുണ്ടെന്നും അതിനു വെള്ളമൊഴിക്കുകയും ചെയ്‌തെന്നും പറയുന്ന സുയാഷ് അതുകൊണ്ട് തന്നെ ഈ മണ്ണ് തന്റേതാണെന്നും പറയുന്നു.
ഇത് തമാശയല്ലെന്നും ഞാനിപ്പോള്‍ ഒരു രാജ്യത്തിന്റെ അധിപനാണെന്നും പറയുന്ന സുയാഷ് ഇക്കാര്യം അറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയക്കാന്‍ പോവുകയാണെന്നും പറയുന്നു. ദിക്ഷിത് കത്തയച്ച് കഴിഞ്ഞതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.