| Friday, 24th June 2022, 1:29 pm

അതിപ്പോള്‍ ബ്രാഡ്മാനോ വിവ് റിച്ചാര്‍ഡ്‌സോ സച്ചിനോ ആരുമായിക്കൊള്ളട്ടെ, എന്നാല്‍ പതിനാല് മത്സരത്തിലും ഇങ്ങനെയായാല്‍...; രോഹിത് ശര്‍മയ്‌ക്കെതിരെ ആഞ്ഞടിച്ച് കപില്‍ ദേവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ. ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയും ഐ.പി.എല്ലില്‍ മുംബൈയെ പലകുറി കിരീടത്തിലേക്ക് നയിച്ചതും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകളും നാഴികക്കല്ലുകളും താരത്തിന്റെ പേരിലുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ ജേഴ്‌സിയില്‍ താരം 15 വര്‍ഷം പിന്നിട്ടത്. ഇക്കഴിഞ്ഞ കാലയളവില്‍ ഇന്ത്യക്കായി അടിച്ചുകൂട്ടിയ റണ്ണുകള്‍ക്ക് കയ്യും കണക്കുമില്ല.

എന്നാല്‍, അടുത്ത കാലത്തായി താരത്തിന്റെ പ്രകടനം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും അത്രകണ്ട് ആശ്വാസം നല്‍കുന്നതല്ല. ഐ.പി.എല്‍ 2022ലെ പ്രകടനവും രോഹിത് ഗുരുനാഥ് ശര്‍മ എന്ന ഹിറ്റ്മാനെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.

2008ന് ശേഷം ഐ.പി.എല്ലില്‍ രോഹിത് ശര്‍മയുടെ പേരില്‍ ഒരു അര്‍ധസെഞ്ച്വറി പോലുമില്ലാത്തത് ഇത് ആദ്യമായിട്ടാണ്. 19.14 ശരാശരയില്‍ 248 റണ്‍സ് മാത്രമാണ് താരം ഐ.പി.എല്‍ 2022ല്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റാവട്ടെ 120.17ഉം.

ഐ.പി.എല്ലിന് പിന്നാലെയെത്തിയ ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

എന്നാലിപ്പോള്‍, കടുത്ത ഭാഷയില്‍ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ ദേവ്. താരത്തിന്റെ റണ്‍വരള്‍ച്ചയെ തന്നെയാണ് കപില്‍ ദേവ് ചോദ്യം ചെയ്യുന്നത്.

‘ആര്‍ക്കാണ് വിശ്രമം അനുവദിച്ചതെന്നോ, ആരോടാണ് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടതെന്നോ എന്നുള്ള കാര്യം അറിയുക പ്രയാസമാണ്. അവന്‍ മികച്ച കളിക്കാരനാണ്. എന്നാല്‍ കഴിഞ്ഞ 14 മത്സരത്തില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയില്ല എങ്കില്‍ സ്വാഭാവികമായും നീ ചോദ്യം ചെയ്യപ്പെടും.

അതിപ്പോള്‍ ഗാരി സോര്‍ബസോ ഡൊണാള്‍ഡ് ബ്രാഡ്മാനോ വിരാട് കോഹ്‌ലിയോ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ സുനില്‍ ഗവാസ്‌കറോ വിവ് റിച്ചാര്‍ഡ്‌സോ ആരുമായിക്കൊള്ളട്ടെ, അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. രോഹിത് ശര്‍മയ്ക്ക് എന്തുപറ്റിയെന്ന് പറയാന്‍ അയാള്‍ക്ക് മാത്രമേ സാധിക്കൂ,’ കപില്‍ദേവ് പറയുന്നു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിലാണ് താരം ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം. ഒരിക്കല്‍ക്കൂടി ഇന്ത്യയെ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരാക്കുകയെന്ന ഉത്തരവാദിത്തമാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ താരത്തിന് മുമ്പിലുള്ളത്.

Content highlight: Indian Legend Kapil Dev Criticize Rohit Sharma

We use cookies to give you the best possible experience. Learn more