കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിരാട് കോഹ്‌ലിയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ടെസ്റ്റിന് ശേഷമുള്ള വിശ്രമം കഴിഞ്ഞ് ടി-20 സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയതോടെയാണ് താരം ചര്‍ച്ചകളിലേക്കെത്തിയത്. ആദ്യ ടി-20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുക കൂടി ചെയ്തപ്പോള്‍ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.
ഫോം വീണ്ടെടുക്കാന്‍ മിനക്കെടുന്ന വിരാടിനെ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്നാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയും തുടങ്ങി ഇംഗ്ലണ്ട് ഇതിഹാസം ഗ്രെയം സ്വാനും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, വിരാടിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുത് എന്ന് പറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റനുമായ കപില്‍ ദേവ്.
ആര്‍. അശ്വിനെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ നിന്നും പുറത്താക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിച്ചെങ്കില്‍ എന്തുകൊണ്ട് വിരാട് കോഹ്‌ലിയെ പുറത്താക്കിക്കൂടാ എന്നാണ് കപില്‍ ദേവ് ചോദിക്കുന്നത്.
യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പ്രശസ്തി മാത്രം അടിസ്താനമാക്കി വിരാടിന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അതെ, വിരാടിനെ ടി-20 പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാതെ ബെഞ്ചില്‍ തന്നെ ഇരുത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്. അഞ്ചാം ടെസ്റ്റില്‍ നിന്നും രണ്ടാം റാങ്കിങ്ങില്‍ നില്‍ക്കുന്ന അശ്വിനെ പുറത്താക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഏതോ ഒരു കാലത്ത് ഒന്നാം റാങ്കിങ്ങില്‍ നില്‍ക്കുന്ന വിരാടിനെ പുറത്താക്കാന്‍ സാധിക്കുന്നില്ല,’ കപില്‍ ദേവ് പറയുന്നു.
എ.ബി.പി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഇന്ത്യ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി-20 മത്സരത്തിനിറങ്ങുകയാണ്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടന്ന എഡ്ജ്ബാസ്റ്റണില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാവും ഇന്ത്യ ശ്രമിക്കുന്നത്. അഥവാ ഒരു മാറ്റം കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ അര്‍ഷ്ദീപ് സിങ്ങിന് പകരം ജസ്പ്രീത് ബുംറയെ കളിപ്പിച്ചേക്കാം.
അഥവാ വിരാടിനെ ടീമില്‍ എടുക്കുകയാണെങ്കില്‍ മൂന്നാം സ്ഥാനം അദ്ദേഹത്തിന് നല്‍കേണ്ടി വരും. അങ്ങനെയെങ്കില്‍ മികച്ച ഫോമില്‍ കളിക്കുന്ന ദീപക് ഹൂഡയെ താഴേക്കിറക്കുകയോ ടീമില്‍ നിന്നും ഒഴിവാക്കേണ്ടിയോ ചെയ്യേണ്ടി വരും.
ദീപക് ടോപ് ഓര്‍ഡറില്‍ നിന്നും മിഡില്‍ ഓര്‍ഡറിലേക്കിറങ്ങിയാല്‍ ഇന്ത്യയുടെ ടോട്ടല്‍ ലൈനപ്പ് തന്നെ പൊളിച്ചെഴുതേണ്ടി വരും. സഹീര്‍ ഖാന്‍ നേരത്തെ പറഞ്ഞതുപോലെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുക എന്ന് അറിയാത്തതുകൊണ്ട് പ്ലെയിങ് ഇലവനായി കാത്തിരിക്കുക തന്നെ ചെയ്യാം.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി കഴിഞ്ഞപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
CONTENT HIGHLIGHT: Indian Legend Kapil Dev asks selectors to drop Virat Kohli from playing eleven