റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
മോസ്‌കോ: ഉക്രൈനെതിരായ യുദ്ധത്തില്‍ ചേരാന്‍ റഷ്യ നിര്‍ബന്ധിതമായി റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരന്‍ മുഹമ്മദ് അഫ്‌സാന്‍ കൊല്ലപ്പെട്ടു. ജോലിയെടുക്കാനെന്ന വ്യാജേനയാണ് ഹൈദരബാദ് സ്വദേശിയായ യുവാവിനെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തത്. സംഭവം റഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് എക്‌സില്‍ അറിയിച്ചത്.
യുവാവ് എങ്ങനെയാണ് മരിച്ചതെന്നോ റഷ്യയില്‍ എന്ത് ചെയ്യുകയായിരുന്നു എന്നോ വ്യക്തതയില്ല. റഷ്യയിലെ അതികൃതരുമായും അഫ്‌സാന്റെ കുടുംബമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംബസി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി അറിയിച്ചു.
ഉന്നത ജോലി വാഗ്ദാനം ചെയ്ത് നിരവധി ഇന്ത്യക്കാരെ വഞ്ചിച്ച് ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ റിക്രൂട്ട് ചെയ്ത് സൈന്യത്തില്‍ ചേര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏജന്റ് വഴി നിര്‍ബന്ധിതമായാണ് ഇന്ത്യക്കാരെ സൈനിക സുരക്ഷാ സഹായികളായി റഷ്യയില്‍ എത്തിച്ചത്.
ഹൈദരബാദില്‍ നിന്ന് ഒട്ടനവധി യുവാക്കള്‍ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ഐ.എം.ഐ.എം പാര്‍ട്ടി പ്രസിഡന്റ് അസറുദ്ദീന്‍ ഒവൈസി ഈ കാര്യം വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Content highlight: Indian Killed By Who forced to join Russian army