| Sunday, 31st July 2022, 8:33 am

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും അഹങ്കാരികള്‍ക്കും ഇടയില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു; സഞ്ജുവിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ വൈറലാവുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് മലയാളി താരവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍. കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഏകദിന ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ സഞ്ജു തിരിച്ചുവരവ് ഒട്ടും മോശമാക്കിയില്ല.

ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ ഒന്ന് നിറം മങ്ങിയെങ്കിലും വിക്കറ്റ് കീപ്പറായി അസാമാന്യ പ്രകടനമാണ് താരം പുറത്തെടുത്തത്. സഞ്ജുവിന്റെ സമയോചിതമായ പല പ്രകടനവും വെസ്റ്റ് ഇന്‍ഡീസിന് അര്‍ഹിച്ച നിരവധി റണ്ണുകള്‍ നഷ്ടപ്പെടുത്തി. ഒരുപക്ഷേ സഞ്ജുവില്ലായിരുന്നെങ്കില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോറ്റുതുടങ്ങേണ്ടി വന്നേനെ.

രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി ബാറ്റിങ്ങിലും താന്‍ മിടുക്കനാണെന്ന് സഞ്ജു ഒരിക്കല്‍ കൂടി തെളിയിച്ചു. മൂന്നാം ഏകദിനത്തില്‍ ആറ് റണ്ണെടുത്ത് നില്‍ക്കവെ മഴയെത്തുകയും കളി നിര്‍ത്തുകയുമായിരുന്നു.

ഏകദിനത്തിലെ സൂപ്പര്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 സ്‌ക്വാഡിലും താരം ഉള്‍പ്പെട്ടിരുന്നു. കൊവിഡ് മൂലം ടീമിലേക്ക് തിരികെയെത്താന്‍ സാധിക്കാതെ വന്ന കെ.എല്‍. രാഹുലിന് പകരക്കാരനായിട്ടാണ് താരം ടീമിലെത്തയിരിക്കുന്നത്.

ഇപ്പോഴിതാ, സഞ്ജുവിനെ കുറിച്ചുള്ള ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ ആണ് വൈറലാവുന്നത്. ട്രിനിഡാഡില്‍ വെച്ച് സഞ്ജു തന്നോട് കാണിച്ച സ്‌നേഹത്തെ കുറിച്ചും മറ്റുമാണ് മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാര്‍ സംസാരിക്കുന്നത്.

പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെ അവസാന ഏകദിനത്തിന് ശേഷം ആദ്യ ടി-20 മത്സരം നടക്കുന്ന ബ്രയാന്‍ ലാറ സ്‌റ്റേഡിയം അല്‍പം ദൂരെയായിരുന്നുവെന്നും എന്നാല്‍ സഞ്ജു തന്നോട് ടീം ബസില്‍ പോകാമെന്ന് പറയുകയായിരുന്നു എന്നുമാണ് വിമല്‍ കുമാര്‍ പറയുന്നത്.

എന്നാല്‍ ബി.സി.സി.ഐയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ടീം ബസിലുള്ള യാത്ര താന്‍ വേണ്ട എന്ന് വെക്കുകയായിരുന്നുവെന്നും സഞ്ജുവിന്റെ സ്‌നേഹം തന്നെ അത്ഭുതപ്പെടുത്തി എന്നുമാണ് വിമല്‍ കുമാര്‍ പറയുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് വിമല്‍ കുമാര്‍ ഇക്കാര്യം പറയുന്നത്. ‘ഇന്ന് ഞാന്‍ മനുഷ്യത്വത്തെ കുറിച്ചാണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്,’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.

വീഡിയോ രാജസ്ഥാന്‍ റോയല്‍സും പങ്കുവെച്ചിട്ടുണ്ട്. ‘ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ട് ജീവിതത്തില്‍ വിജയിക്കുന്നു – നമ്മുടെ സഞ്ജു’ എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ സിംബാബ് വേ പര്യടനത്തിലുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ സിംബാബ്‌വേ പര്യടനത്തിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

വിരാട് കോഹ്‌ലി ടീമിലുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാനാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്.

രാഹുല്‍ ത്രിപാഠി വീണ്ടും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഇത്തവണയെങ്കിലും താരം പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പരിക്കേറ്റ് പുറത്തായ ദീപക് ചഹറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ആഗസ്റ്റ് 18, 20, 22 ദിവസങ്ങളിലാണ് പരമ്പര. ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

ഇന്ത്യ സ്‌ക്വാഡ്:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍),വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍,ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ,

Content Highlight:  Indian Journalist Praises Sanju Samson

We use cookies to give you the best possible experience. Learn more