national news
റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 16, 07:37 am
Friday, 16th July 2021, 1:07 pm

ന്യൂദല്‍ഹി: റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ വാര്‍ത്താ ചാനലായ ടോളോ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.

അദ്നാന്‍ ആബിദിക്കൊപ്പമാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം.

2015ലെ നേപ്പാള്‍ ഭൂകമ്പം, 2016-17 മൊസൂള്‍ യുദ്ധം, രോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ദല്‍ഹി കലാപം എന്നിങ്ങനെ  ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

കൊവിഡ് മഹാമാരിക്കാലത്തെ ഭീകരത വെളിവാക്കുന്ന ഡാനിഷിന്റെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ദല്‍ഹിയില്‍ കൂട്ടമായി കത്തിക്കുന്നതിന്റെ ഫോട്ടോ ഡാനിഷ് പകര്‍ത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

ദല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Indian Journalist Danish Siddiqui Killed in Clashes in Afghanistan