| Sunday, 23rd July 2017, 10:27 am

മൊബൈലില്‍ അശ്ലീല ക്ലിപ്പുകള്‍ പാടില്ല; ചരടും ഏലസ്സും പറ്റില്ല: സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. സൗദി അറേബ്യയില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

“സൗദിയില്‍ നിരോധിക്കപ്പെട്ട ഉല്പന്നങ്ങള്‍ കൊണ്ടുപോകരുത്. നിങ്ങളുടെ ഫോണില്‍, ലാപ്‌ടോപില്‍ നിരോധിക്കപ്പെട്ട, അശ്ലീലമായ ഒന്നും സൂക്ഷിക്കരുത്.” നിര്‍ദേശങ്ങളില്‍ പറയുന്നു.

കൂടോത്രവും ദുര്‍മന്ത്രവാദവുമൊക്കെ സൗദിയില്‍ നിരോധിക്കപ്പെട്ടവയാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് വധശിക്ഷയടക്കം വിധിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു എന്നു തെളിയിക്കുന്ന വസ്തുക്കളൊന്നും തന്നെ സൗദിയിലേക്കു കൊണ്ടുപോകരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.


Must Read: സാധാരണ പ്രവര്‍ത്തകരെ ചൂഷണം ചെയ്താണ് നേതാക്കള്‍ കോടികളുടെ ഉടമയായത്: നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി, യുവമോര്‍ച്ച നേതാക്കള്‍


ഏലസ്സ്, കറുത്ത ചരട് എന്നിവ കൊണ്ടുനടക്കുകയോ ശരീരത്തില്‍ കെട്ടുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

” മയക്കുമരുന്ന്, പന്നിയിറച്ചിയടങ്ങിയ ഭക്ഷണസാധനങ്ങള്‍, പോപ്പി വിത്തുകള്‍, പാന്‍ മസാല, ഇസ്‌ലാം അല്ലാത്ത മതങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍” എന്നിവയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ പറയുന്നു.

തൊഴില്‍ കരാറുകളെയും പ്രാദേശിക നിയമങ്ങളെയും സംബന്ധിച്ച് തൊഴില്‍ അന്വേഷകരെ ബോധ്യപ്പെടുത്താനാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more