| Wednesday, 28th August 2024, 7:02 pm

ഹിറ്റ്മാനും പിള്ളേരും ഇനി ഡബിള്‍ സ്‌ട്രോങ്; ടെസ്റ്റില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തില്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലുമാണ് നടക്കുക.

ഇന്ത്യ തങ്ങളുടെ പുതിയ ടെസ്റ്റ് സീസണ്‍ ആരംഭിക്കാനിരിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ 10ല്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് സ്ഥാനം പിടിക്കാന്‍ സാധിച്ചത്. ഒരു ടീമിലെ മൂന്ന് താരങ്ങള്‍ ടോപ് ടെന്നില്‍ എത്തുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

റാങ്കിങ് ലിസ്റ്റില്‍ മുന്നിലുള്ളത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ ആറാം സ്ഥാനത്തും യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തും വിരാട് എട്ടാം സ്ഥാനത്തുമാണുള്ളത്. രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസനും മൂന്നാം സ്ഥാനത്ത് കിവീസിന്റെ തന്നെ ഡാരില്‍ മിച്ചലുമുണ്ട്. ഓസീസ് താരമായ സ്റ്റീവ് സ്മിത് അഞ്ചാം സ്ഥാനത്തും ഉസ്മാന്‍ ഖവാജ 10ാം സ്ഥാനത്തുമാണ്.

ഈ ലിസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇനി വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ആധിപത്യം പുലര്‍ത്തുമെന്നത് ഉറപ്പാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മറ്റൊരു പ്രധാന പരമ്പര. നവംബര്‍ 26നാണ് പരമ്പര ആരംഭിക്കുന്നത്.

അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26മുതല്‍ 30 വരെയാണ് നടക്കുക. രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

Content Highlight: Indian In Record Achievement Test Cricket

We use cookies to give you the best possible experience. Learn more