ഹോക്കി ഇല്ലായിരുന്നെങ്കില്‍ ലഹരിക്ക് അടിമപ്പെടുമായിരുന്നു : സര്‍ദാര്‍ സിംഗ്
Daily News
ഹോക്കി ഇല്ലായിരുന്നെങ്കില്‍ ലഹരിക്ക് അടിമപ്പെടുമായിരുന്നു : സര്‍ദാര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2016, 9:15 pm

sardar-singh
പഞ്ചാബ്: ഹോക്കി ഇല്ലായിരുന്നെങ്കില്‍ താനും ലഹരിക്ക് അടിമപ്പെടുമായിരുന്നെന്ന് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ്. പഞ്ചാബിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉപയോഗത്തെ തടയാന്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്നും കുട്ടികള്‍ കളിക്കാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഇത്തരം ചിന്തകളുണ്ടാകില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ സര്‍ദാര്‍ സിംഗ് പറഞ്ഞു.

പഞ്ചാബില്‍ ഹോക്കിയോടുള്ള പ്രിയം കുറഞ്ഞത് യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ സന്‍സര്‍പൂരും ഹരിയാനയിലെ ഷാഹ്ബാദും ഹോക്കിയുടെ കേന്ദ്രങ്ങളായിരുന്നെങ്കില്‍ ഇപ്പോഴതില്‍ മാറ്റം വന്നിട്ടുണ്ടെന്നും സര്‍ദാര്‍ സിംഗ് പറഞ്ഞു.

ഹോക്കി അക്കാദമികളില്‍ ചെറുപ്പക്കാര്‍ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും യുവാക്കള്‍ക്ക് ദിശാബോധം നല്‍കാന്‍ കായിക രംഗത്തിന് കഴിയണമെന്നും സര്‍ദാര്‍ സിംഗ് ചൂണ്ടിക്കാട്ടി.

അതേ സമയം പഞ്ചാബിലെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന “ഉഡ്താ പഞ്ചാബ്” വിവാദത്തില്‍, ചിത്രം വാസ്തവമാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും സര്‍ദാര്‍ സിംഗ് ചോദിച്ചു