ധാക്ക: ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ധാക്കയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ രമണ്‍ദീപ് സിംഗ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 29 ാം മിനിറ്റില്‍ ലളിത് ഉപാധ്യായയിലൂടെ രണ്ടാം ഗോളും ഇന്ത്യ നേടി. ആദ്യ പകുതിയില്‍ ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ തയ്യാറായാണ് മലേഷ്യ ഇറങ്ങിയത്.
അമ്പതാം മിനിറ്റില്‍ ഷഹ്രില്‍ സാബഹിലൂടെ മലേഷ്യ ഗോള്‍ മടക്കി. ഗോള്‍ വീണതോടെ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യ പിന്നീട് ഒരവസരവും മലേഷ്യക്ക് നല്‍കിയില്ല.
നേരത്തെ രണ്ടു തവണ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയിട്ടുണ്ട്. 2003ല്‍ ക്വാലാലംപൂരില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്താനെ 4-2ന് തോല്‍പ്പിച്ചപ്പോള്‍ 2007ല്‍ ദക്ഷിണ കൊറിയക്കെതിരെയായിരുന്നു ഇന്ത്യന്‍ വിജയം. ചെന്നൈയില്‍ നടന്ന ഫൈനലില്‍ 7-2നായിരുന്നു കൊറിയക്കെതിരെ ഇന്ത്യയുടെ വിജയം.