ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രത്യേക വിഭാഗം ചരിത്രകാരന്മാര്‍ ചേര്‍ന്ന് പഠിപ്പിച്ചത് ചരിത്രത്തിന്റെ വികലമായ പതിപ്പാണെന്ന് കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യന്‍ ചരിത്രം പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും വൈകല്യങ്ങള്‍ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലും (ഐ.സി.എച്ച്.ആര്‍) അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജനയും ചേര്‍ന്ന് ബിഹാര്‍ ജമുഹറിലെ ഗോപാല്‍ നാരായണ്‍ സിങ് സര്‍വകലാശാലയില്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഭൂരിഭാഗം ചരിത്രകാരന്‍മാരും ഇന്ത്യയോടും ഇന്ത്യന്‍ സംസ്‌കാരത്തോടും നാഗരികതയോടും നീതി പുലര്‍ത്തിയിട്ടില്ല. പ്രത്യേക വിഭാഗത്തില്‍പ്പെട്ട ചില ചരിത്രകാരന്മാര്‍ നമുക്കുമുന്നില്‍ അവതരിപ്പിച്ച ഇന്ത്യന്‍ ചരിത്രത്തിന്റെ വികലമായ വീക്ഷണം നമ്മള്‍ മാറ്റണം,’ പാണ്ഡെ പറഞ്ഞു.
അടിസ്ഥാനപരമായി ചില തിരുത്തലുകള്‍ വേണ്ടതിനാല്‍ ഇന്ത്യന്‍ ചരിത്രം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും പാണ്ഡെ പറഞ്ഞു.
‘പ്രാചീന ഇന്ത്യന്‍ ചരിത്രത്തെ മഹത്വവത്കരിക്കണം. ഇന്ത്യന്‍ നാഗരികത വളരെ പഴക്കമുള്ളതാണ് എന്നതാണ് യാഥാര്‍ഥ്യം. ഈ നാഗരികതയിലെ ആളുകള്‍ അറിവിന്റെയും ഭരണത്തിന്റെയും കാര്യത്തില്‍ ലോകത്തെ ഒട്ടുമിക്ക ആളുകളേക്കാളും വളരെ മുന്നിലായിരുന്നു. ആ രേഖകള്‍ നേരെയാക്കേണ്ടത് രാഷ്ട്രത്തിന് പ്രധാനമാണ്. ചരിത്രം വസ്തുനിഷ്ഠമായ രീതിയില്‍ രേഖപ്പെടുത്തണം.
സമുദ്ര ഗുപ്തനെയും സ്‌കന്ദ ഗുപ്തനെയും പോലെയുള്ള മഹാന്മാരായ ചക്രവര്‍ത്തിമാരെക്കുറിച്ച് നമ്മുടെ പുരാതന ചരിത്രപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നില്ല. ഇന്ത്യയ്ക്ക് 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചെന്ന് പറയാം, പക്ഷേ, ഇതുവരെ നമുക്ക് സാംസ്‌കാരിക സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല,’ മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തെ ശരിയായ രൂപത്തില്‍ പ്രകീര്‍ത്തിക്കാനുള്ള ശരിയായ സമയമാണിതെന്ന് സമ്മേളനത്തില്‍ സംസാരിച്ച ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതിയംഗം സുരേഷ് സോണി പറഞ്ഞു. ഈ പ്രക്രിയ ആരംഭിച്ചതായും ആവശ്യമായ എല്ലാ തിരുത്തലുകളും ഇന്ത്യന്‍ ചരിത്രത്തില്‍ നടക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.