മേലില്‍ ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുത്: കൊവിഡ് പ്രതിരോധത്തില്‍ മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സര്‍ക്കാര്‍
national news
മേലില്‍ ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുത്: കൊവിഡ് പ്രതിരോധത്തില്‍ മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 8:11 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്.

അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്.

മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്‌ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു.

മോദി ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്‌ട്രേലിയന്റെ ലേഖനം. കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

മോദിയുടെ അമിത ആത്മവിശ്വാസവും  അതിദേശീയാവാദവും വാക്‌സിന്‍ വിതരണത്തിലെ കാലതാമസവും ആരോഗ്യമേഖലയിലെ പോരായ്മകളും രോഗം നിയന്ത്രിക്കാതെ സാമ്പത്തികരംഗത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയതും ലേഖനത്തില്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.

നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്. രാജ്യത്തെ നയിക്കുന്നതില്‍ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്.

ഇനി ഈ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെയും മോദി സര്‍ക്കാര്‍ സമാനമായ നടപടി സ്വീകരിക്കുമോയെന്നാണ് ചോദ്യങ്ങളുയരുന്നത്. കൊവിഡ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് 52ഓളം ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Indian High Commission against Australian Media Report On Covid Crisis, criticising PM Narendra Modi