2023 ഐ.പി.എല്ലിന്റെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയം നേടിയ ആത്മവിശ്വാസത്തില്‍ വമ്പന്മാരായ പഞ്ചാബിനെ പഞ്ഞിക്കിടാമെന്ന റോയല്‍സിന്റെ മോഹങ്ങള്‍ ചിറകറ്റ് വീഴുന്ന കാഴ്ച്ചക്കാണ് ഗുവാഹത്തി സാക്ഷ്യം വഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് നിശ്ചിത ഓവറില്‍ 197 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനോടൊപ്പം (86) പ്രഭ്‌സിമ്രന്‍ സിങ്ങും(60) തുണക്കെത്തിയതോടെയാണ് മികച്ച സ്‌കോറിലേക്കെത്താന്‍ പഞ്ചാബിനായത്.
മറുപടി ബാറ്റിങ്ങില്‍ രവിചന്ദ്രന്‍ അശ്വിനെ ഓപ്പണറായി ഇറക്കിയ ക്യാപ്റ്റന്‍ സഞ്ജുവിന്റെ തന്ത്രം തുടക്കത്തിലേ പാളിയിരുന്നു. വെറും നാല് പന്തില്‍ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറാനായിരുന്നു അശ്വിന്റെ വിധി. പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാനായതുമില്ല.
25 പന്തില്‍ 42 റണ്ണെടുത്ത ക്യാപ്റ്റന്‍ തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടീമില്‍ ആര്‍ക്കും തന്നെ അര്‍ധസെഞ്ച്വറിയിലേക്കെത്താന്‍ കഴിയാത്തത് കേളികേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരക്കും നാണക്കേടായി. ഇതോടെ 192 റണ്‍സില്‍ രാജസ്ഥാന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു.
അതിനിടെ രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വിമര്‍ശിച്ച കമന്റേറ്റര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
തോല്‍വിക്ക് ശേഷം വേസ്റ്റ് ഇന്നിങ്‌സാണ് സഞ്ജു കളിച്ചതെന്നായിരുന്നു കമന്റേറ്ററുടെ പ്രതികരണം. ഇതിനെ വിമര്‍ശിച്ചാണ് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയിരിക്കുന്നത്.
രാജസ്ഥാന്‍ നിരയില്‍ ഏറ്റവും നന്നായി ബാറ്റ് വീശിയത് സഞ്ജുവാണെന്നും അവന്റെ ഇന്നിങ്‌സ് ഒരിക്കലും വേസ്റ്റല്ലെന്നും പത്താന്‍ പറഞ്ഞു. തന്റെ ജോലി നന്നായി തന്നെ ചെയ്ത സഞ്ജുവിനെ വെറുതെ വിട്ടൂടേ എന്നും പത്താന്‍ പറഞ്ഞു.
‘സഞ്ജുവിനെ വെറുതെ വിടൂ. അവന്റെ ഇന്നിങ്‌സ് ഒരിക്കലും വേസ്റ്റല്ല. അവന്‍ അവന്റെ പണി നന്നായി ചെയ്തു. ഏറ്റവും മികച്ച ഇന്നിങ്‌സാണ് സഞ്ജു കളിച്ചത്, പക്ഷെ അവനെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായില്ല. നല്ല കഴിവുള്ള ക്ലാസ് ബാറ്ററാണ് സഞ്ജു. അവന്റെ സമയം വരും. അവന്‍ ടോപ് ഓര്‍ഡറില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നെങ്കില്‍ കളി 15 ഓവറില്‍ തന്നെ തീര്‍ന്നേനേ,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
അതേസമയം ഏപ്രില്‍ എട്ടിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ടീമിന്റെ രണ്ടാമത്തെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സാണ് രാജസ്ഥാന്റെ എതിരാളി.
Content Highlight: indian former cricketer stand with sanju samson