ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം അടുത്തിടെ സ്വന്തമാക്കിയിരുന്നു. 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്.
ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ജയം നേടിയത്. ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിച്ചിരുന്നില്ല. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായത്. ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ സാരമായി ബാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന്റെ നെടുംതൂണായിരുന്നു.
ഇപ്പോള്‍, ബുംറയില്ലാതെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ബുംറയെ ആശ്രയിക്കുന്നത് പോലെ ഒരു താരത്തെ ആശ്രയിക്കുന്ന ടീമുകള്‍ കുറവാണെന്നും ബുംറയില്ലാതെ ചാമ്പ്യന്‍സ് ട്രോഫി നേടിയത് ഒരു താരവും ഒഴിച്ചുകൂടാനാവാത്തതല്ലെന്ന് തെളിയിക്കുന്നതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയം മധുരമുള്ളതായിരുന്നു, പ്രത്യേകിച്ച് ഒരു മാസം മുമ്പ് ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം നേടിയ ഒന്നായത് കൊണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഒരു ടീമിന്, അടുത്ത നാല് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ തോല്‍വി വഴങ്ങിയത് ടീമിന്റെ ശക്തിയുടെ ശരിയായ സൂചനയല്ല.
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ ജസ്പ്രീത് ബുംറയെ ആശ്രയിച്ചതുപോലെ, മറ്റൊരു ടീം ഒരു താരത്തെ ഇത്രത്തോളം ആശ്രയിക്കാറില്ല. ഇന്ത്യ ഉയര്‍ത്തിയ ചെറിയ ലക്ഷ്യം പ്രതിരോധിക്കുന്നതില്‍ ബുംറയുടെ അഭാവം ബൗളിങ് നിരയില്‍ നന്നായി പ്രതിഫലിച്ചു. അത് ഓസ്ട്രേലിയക്ക് മത്സരം അനുകൂലമാക്കുകയും അവര്‍ പരമ്പരയില്‍ വിജയികളാവുന്നതിലും കാരണമായി.
ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലെ സമഗ്ര വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭയുടെ ആഴത്തെയാണ് ചൂണ്ടികാണിക്കുന്നത്. ആ വിജയങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയവും ബുംറയില്ലാതെയായിരുന്നു, ഇത് ആരും മത്സരത്തില്‍ ഒഴിച്ചുകൂടാനാവാത്തല്ലെന്ന് ഊന്നിപ്പറയുന്നു.
മുന്‍ കാലങ്ങളില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇല്ലാതെയാണ് ഇന്ത്യ പല മത്സരങ്ങളും വിജയിച്ചത്. എന്നാല്‍ ടീമിലെ അവരുടെ സാന്നിധ്യം ടീമിന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നതില്‍ സംശയമില്ല. ദുബായില്‍ മാത്രമല്ല, എവിടെ കളിച്ചാലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജയിക്കുമായിരുന്നുവെന്ന് ഇപ്പോള്‍ നിരവധി വിദേശ ക്രിക്കറ്റ് താരങ്ങള്‍ പറയുന്നത് കാണുന്നത് നല്ലതാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
Content Highlight: Sunil Gavakar Says Indian Cricket Team Could Win Games Without Star Pacer Jasprit Bumrah