വിദേശത്തു നിന്നുള്ള കുറിപ്പടികൾ രാജ്യം ഭരിക്കുന്ന കാലം കഴിഞ്ഞു: എസ്. ജയശങ്കര്‍
NATIONALNEWS
വിദേശത്തു നിന്നുള്ള കുറിപ്പടികൾ രാജ്യം ഭരിക്കുന്ന കാലം കഴിഞ്ഞു: എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 3:56 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശ നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കായിരിക്കും പ്രഥമപരിഗണനയെന്നും വിദേശ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള നിരന്തര സമ്മർദങ്ങൾ ഉണ്ടായിരുന്നെങ്കിലും റഷ്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം പലകുറി ആവശ്യപ്പെടുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇന്ത്യക്ക് തന്റെ പങ്കാളികളായ റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോടുള്ള ബന്ധം വളരെ മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും റഷ്യയുമായുള്ള എണ്ണ കച്ചവടത്തില്‍ വലിയതോതില്‍ ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ ഇന്ത്യ വികസനങ്ങളോട് മുഖം തിരിച്ചിരുന്നെന്നും നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യങ്ങളേക്കാള്‍ പ്രാധാന്യം നമ്മള്‍ മറ്റുള്ളവരുടെ ആശയങ്ങള്‍ക്കായിരുന്നു നല്‍കിയിരുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ആ നഷ്ടങ്ങള്‍ മറികടക്കാന്‍ ആശയപരമായും സാങ്കേതികപരമായും വലിയൊരു കുതിച്ചുചാട്ടം അനിവാര്യമാണ്. അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥ അതിന്റെ വിതരണ ശൃംഖല പുനര്‍നിര്‍മ്മിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തു പോലും രാജ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. എല്ലാത്തിനെയും അവര്‍ ആയുധമായി കണക്കാക്കുന്നു. ഈ സമയത്ത് ഇന്ത്യയും അതുപോലെ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ പ്രാധാന്യം ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ മാറ്റം എന്നത് ‘മുഖ്യ പ്രാധാന്യം ഭാരതത്തിന്’ എന്ന ആശയമാണ്. അതുകൊണ്ട് തന്നെ വിവിധ ആശയങ്ങള്‍ കൊണ്ട് മുന്നോട്ടിറങ്ങാനുള്ള ആത്മവിശ്വാസം നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലപാടെടുക്കുന്ന സമയത്ത് മടികാണിക്കുകയോ സമ്മർദത്തിന് വഴങ്ങാതിരിക്കുകയോ ചെയ്യുന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ വിജയമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപരമായി ഇന്ത്യ എന്ന വാക്ക് പോലും സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ഇന്ത്യ ലോകരാജ്യങ്ങളുമായി ഇടപഴകുമ്പോള്‍ അത് മറ്റുള്ളവര്‍ നിശ്ചയിച്ച വ്യവസ്ഥകളിലൂടെയോ ചട്ടക്കൂടിനകത്തുകൂടിയോ ആവാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യുവിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ ബാഹ്യ ശക്തികളുടെ ആശയങ്ങള്‍ ഇന്ത്യന്‍ നയത്തില്‍ ആവശ്യമില്ലെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ ആശയമായ മള്‍ട്ടി വെക്റ്റര്‍ പോളിസിയെക്കുറിച്ച് ലേഖനത്തിലെ അവസാന കോളത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയുടെ വിദേശ പങ്കാളികളുടെ എണ്ണം ഉയര്‍ത്താനും ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറക്കാനും വേണ്ടിയാണ് മള്‍ട്ടി വെക്റ്റര്‍ പോളിസി കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Indian foreign policy