| Sunday, 14th January 2024, 8:21 am

കപ്പലുകൾക്ക് നേരെ ഹൂത്തികളുടെ ആക്രമണം; ഇറാൻ സന്ദർശനത്തിനൊരുങ്ങി എസ്. ജയ്ശങ്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തെ ഇറാൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.

ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ ആമിർ അബ്ദുള്ളാഹിയനുമായി ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുവാൻ ജനുവരി 14,15 തീയ്യതികളിൽ ജയ്ശങ്കർ ഇറാനിൽ സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം ഹൂത്തി ആക്രമണങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജയ്ശങ്കറുമായി ഫോൺ സംഭാഷണം നടത്തിയിരുന്നുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നാണ് യു.എസും ഇസ്രഈലും ആരോപിക്കുന്നത്. എന്നാൽ ഇറാൻ ഇത് നിഷേധിച്ചിരുന്നു.

ഡിസംബർ അവസാന വാരം അറബിക്കടലിൽ വെച്ച് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. കപ്പൽ സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് എണ്ണ ചരക്കുമായി യാത്ര ചെയ്ത ജാപ്പനീസ് ഉടമസ്ഥതയിലുള്ള എം.വി കെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയും ഇന്ത്യൻ വാണിജ്യ കപ്പൽ എം.വി സായ് ബാബക്ക് നേരെയും ആക്രമണം ഉണ്ടായി.

ഹൂത്തികളാണ് സായ് ബാബക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെന്ന് യു.എസ് സെൻട്രൽ കമാൻഡ് ആരോപിച്ചിരുന്നു.

കപ്പലിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ അറബിക്കടലിലേക്ക് ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകൾ അയച്ചിരുന്നു.

അതേസമയം ചെങ്കടലില്‍ ഇസ്രഈല്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രണമങ്ങളില്‍ ഇറാന് പങ്കുണ്ടെന്ന വാദം ഹൂത്തികളും തള്ളിയിരുന്നു.

ഗസയിലും മറ്റു ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രഈല്‍ നടത്തുന്ന അധിനിവേശം തടയുന്നതിന്റ ഭാഗമായി യെമന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് വിദേശകാര്യമന്ത്രി ഹിഷാം ഷറഫ് വ്യക്തമാക്കിയിരുന്നു.

യെമന്‍ ആര്‍ക്കും ഭീഷണിയല്ല എന്നും നിലവില്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഇസ്രഈല്‍ ഉടമസ്ഥതയിലുള്ളതും, ഇസ്രഈല്‍ ലക്ഷ്യമാക്കി നീങ്ങുന്നതുമായ കപ്പലുകള്‍ക്ക് നേരെയാണെന്നും മറ്റുള്ളവര്‍ സുരക്ഷിതരാണെന്നും ഷറഫ് പറഞ്ഞിരുന്നു.

Content Highlight: Indian foreign minister to visit Iran amid regional maritime tensions

We use cookies to give you the best possible experience. Learn more