| Friday, 11th September 2015, 4:04 pm

അതിര്‍ത്തിയില്‍ ആദ്യം വെടി മുഴക്കുക ഇന്ത്യയാവില്ല; രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ആദ്യം വെടി മുഴക്കുക ഇന്ത്യയാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാനില്‍ നിന്നെത്തിയ റേഞ്ചേഴ്‌സ് സംഘവുമായുള്ള ചര്‍ച്ചയ്ക്കിടെ ഇന്നു രാവിലെയായിരുന്നു രാജ്‌നാഥിന്റെ പരാമര്‍ശം. പാക്കിസ്ഥാന്റെ ഭൂമിയില്‍ നിന്നും തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കുന്നത് തടയേണ്ടത് പാക്കിസ്ഥാനാണെന്നും സിങ് പറഞ്ഞു. “തീവ്രവാദം നിയന്ത്രിക്കാനായി നാം ഒരുമിക്കണം” അദ്ദേഹം ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.

കാശ്മീരിലെ ഹന്ദ്‌വാരയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് രാജ്‌നാഥിന്റെ പരാമര്‍ശം. ഈ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

പാക് റേഞ്ചര്‍ ഡയറക്ടര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍  ഇരുരാജ്യങ്ങളും അതിര്‍ത്തിപ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. ബി.എസ്.എഫ് ഡയറക്ടര്‍ ഡി.കെ. പഥക്കാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ശനിയാഴ്ച വരെയാണ് ചര്‍ച്ച.

അതേസമയം വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ട്രൂപ്പുകള്‍ തമ്മില്‍ നിരന്തരമായി ആശവിനിമയം നടത്താന്‍  ധാരണയായി. ഇത് തീവ്രവാദികള്‍ അതിര്‍ത്തി കടക്കുന്നത് തടയാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ സെക്ടര്‍ ലെവലില്‍ മാത്രം നടക്കുന്ന ആശയവിനിമയം താഴ്ന്ന ലെവലുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.

രണ്ടാഴ്ചയ്ക്കുമുമ്പ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയസുരക്ഷാ ഉപദേഷ്ടാക്കള്‍തമ്മിലുള്ള കൂടിക്കാഴ്ച അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഉപേക്ഷിച്ചതിനുശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. തീവ്രവാദം മുഖ്യചര്‍ച്ചാവിഷയമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ കാശ്മീര്‍ വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നായിരുന്നു അന്ന് പാക്കിസ്ഥാന്റെ ആവശ്യം.

We use cookies to give you the best possible experience. Learn more