ഖത്തര്‍ ലോകകപ്പില്‍ മത്സരിച്ച ഏഷ്യന്‍ ടീമുകളുമായി ഏറ്റുമുട്ടാന്‍ ഇന്ത്യക്ക് അവസരം ലഭിക്കുന്നു. വരുന്ന മാര്‍ച്ചില്‍ വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചാമ്പ്യന്‍ ഷിപ്പില്‍ കളിക്കാനുള്ള അവസരമാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
12 പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് യു.എ.ഇയിലാണ് അരങ്ങേറുന്നത്. ടൂര്‍ണമെന്റിലേക്ക് ഫെഡറേഷന്‍ പുറത്ത് നിന്നുള്ള ചില ടീമുകളെയും ക്ഷണിക്കാറുണ്ട്. അങ്ങനെയാണ് ടീം ഇന്ത്യക്ക് ക്ഷണം എത്തിയത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായാല്‍ ഫിഫ ലോകകപ്പ് 2022ല്‍ ആതിഥേയരായ ഖത്തറിനോടും സൗദി അറേബ്യയോട് കൊമ്പുകോര്‍ക്കാന്‍ ഇന്ത്യക്ക് അവസരം ലഭിക്കും. ഇറാഖ്, ലെബനന്‍ സിറിയ തുടങ്ങിയ രാജ്യങ്ങളും ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാനഘട്ട് വരെ എത്തിയിരുന്നു.
ഇതിനിടെ അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞിരുന്നു. യു.എസ്-മെക്‌സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം.
ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മുന്‍ ലോകകപ്പുകളിലേതുപോലെ ഇത്തവണയും ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഖത്തര്‍ വേള്‍ഡ് കപ്പിനും ലഭിച്ചിരുന്നത്. കോടിക്കണക്കിന് ആളുകളാണ് ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും സ്മാര്‍ട് ഫോണിലുമായി മത്സരങ്ങള്‍ കണ്ടത്. കേരളത്തിലേയും കൊല്‍ക്കത്തയിലേയും ഫുട്‌ബോള്‍ ആവേശം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
കളി ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത സ്‌പോട്‌സ് 18 ചര്‍ച്ചക്കിടെ കേരളത്തിലെ പല പ്രദേശങ്ങളിലുള്ള ഫുട്ബോള്‍ ഫാന്‍സിന്റെ ആഘോഷവും പ്രൊജക്ടര്‍ പ്രദര്‍ശനവും കാണിച്ചിരുന്നു.
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമും കേരളത്തിന് പ്രത്യേകമായി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 106ാമതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഒരേയൊരു തവണ മാത്രമാണ് ഇന്ത്യക്ക് ലോകകപ്പ് കളിക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ളത്. ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളായ ജപ്പാനും ദക്ഷിണ കൊറിയയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
Content Highlights: Indian Football Team got selected for West Asian Football Championship