| Wednesday, 14th November 2018, 9:41 am

ഇത് ചരിത്രം; ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒളിമ്പിക്‌സ് യോഗ്യത മത്സരത്തില്‍ മ്യാന്‍മറിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് സിയില്‍ നാല് പോയന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ പ്രവേശനം. മ്യാന്‍മറാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം ഘട്ട മത്സരങ്ങള്‍ ഏപ്രിലോടെ ആരംഭിക്കും.

ആവേശഭരിതമായ മത്സരത്തിനൊടുവില്‍ മ്യാന്‍മറിനെ വിറപ്പിച്ചാണ് ഇന്ത്യ കീഴടങ്ങിയത്. കളിയൊഴുക്കിലേക്ക് ഇന്ത്യ കടക്കും മുമ്പെ മ്യാന്‍മര്‍ ഇന്ത്യയുടെ വലകുലുക്കി. മൂന്നാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ ആ ആധിപത്യത്തിന് അല്‍പായുസ്സായിരുന്നു. അഞ്ച് മിനിറ്റിനകം ഇന്ത്യയുടെ ബലാദേവിയുടെ ഗോളില്‍ ഇന്ത്യ സമനില പിടിച്ചു. ബംഗ്ലാദേശിനെതിരെ നാല് ഗോളടിച്ച താരമാണ് ബലാ ദേവി.

ALSO READ: ന്യുസീലന്‍ഡ് എ ടീമിനെതിരെ രോഹിത് ശര്‍മ കളിക്കില്ല

രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചു. പലതവണ മ്യാന്‍മര്‍ ആക്രമണത്തെ ഇന്ത്യ പ്രതിരോധിച്ചെങ്കിലും 83ാം മിനിറ്റില്‍ അടിതെറ്റി. ങെങെ ഹത്വെ യുടെ ഗോളില്‍ മ്യാന്‍മര്‍ മുന്നിലെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഒന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്തിരുന്നു.

അടുത്ത മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുമെന്നും പരിശീലക മായ്‌മോള്‍ റോക്കി പറഞ്ഞു.

We use cookies to give you the best possible experience. Learn more