ഭുവനേശ്വര്‍: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടം ലക്ഷ്യമിട്ട് സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ സംഘം ഇന്നിറങ്ങുന്നു. ഇന്ത്യ, ലെബനന്‍, മംഗോളിയ, വനൗതു എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റാണ് ഇന്ന് ഭുവനേശ്വറില്‍ ആരംഭിക്കുന്നത്. ഇന്ന് രാത്രി 7.30ന് മംഗോളിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ തീപ്പൊരി ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവനും. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഹാട്രിക് നേടിയ ഏകതാരമാണ് ഛേത്രി.
16 കളികളില്‍ നിന്നായി 11 ഗോളുകളുമായി ടൂര്‍ണമെന്റിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ കൂടിയാണ് ഇന്ത്യന്‍ സ്‌കിപ്പര്‍. ഛേത്രിയുടെ നായക മികവില്‍ യുവതാരങ്ങള്‍ കൂടി മിന്നിയാല്‍ ഇന്ത്യ കപ്പടിക്കുമെന്നുറപ്പാണ്.
അതേസമയം, 101ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള ലെബനന്‍ (99) ആതിഥേയര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ശേഷം, ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ഫൈനലിന് യോഗ്യത നേടും.
ജൂണ്‍ 18ന് രാത്രി 7.30നാണ് കലാശപ്പോരാട്ടം. ഇന്ത്യയും ലെബനനും ഫൈനലിന് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2018ലെ ആദ്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. എന്നാല്‍ 2019ല്‍ ഉത്തര കൊറിയ ട്രോഫി ഇന്ത്യയില്‍ തട്ടിയെടുത്തു. ആ സീസണില്‍ ഇന്ത്യ തോറ്റുതോറ്റ് നാലാം സ്ഥാനത്തേക്കും വീണു.
എന്നാല്‍ ഇക്കുറി കപ്പടിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഉത്തര കൊറിയ ടൂര്‍ണമെന്റിന് വരുന്നില്ലെന്നതും ഇന്ത്യക്ക് ആശ്വാസമാണ്. മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ മെയ് 15 മുതല്‍ ഇന്ത്യന്‍ ടീം ഭുവനേശ്വറില്‍ പരിശീലനം ആരംഭിച്ചിരുന്നു.
ഇക്കുറി കപ്പടിക്കാന്‍ തന്നെയാണ് കളിക്കുന്നതെന്നും അതിനായി അവസാന ശ്വാസം വരെ ഇന്ത്യ പോരാടുമെന്നും കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു.