| Thursday, 6th July 2017, 4:50 pm

ചരിത്രപടവുകള്‍ കയറി ഇന്ത്യ; 21 വര്‍ഷത്തിനിടെ ആദ്യമായി ഫിഫ റാങ്കിംഗില്‍ ഇന്ത്യ 96 ആം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ച്ചവയ്ക്കുന്നത്. മത്സരങ്ങളിലെ വിജയങ്ങള്‍ ടീം ആവര്‍ത്തിക്കുമ്പോള്‍ റാങ്കിംഗിലും ടീം പടികള്‍ കയറുകയാണ്. ഇന്ന് ഫിഫയുടെ റാങ്കിംഗ് പുറത്തു വന്നപ്പോള്‍ ഇന്ത്യ 96 ആം സ്ഥാനത്താണ്. 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്.

അവസാനം വന്ന റാങ്കിംഗില്‍ 331 പോയന്റോടെ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗില്‍ 341 പോയന്റോടെയാണ് ഇന്ത്യ 96ാം സ്ഥാനത്തെത്തിയത്.

ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയത് ഉള്‍പ്പെടെ സമീപ കാലത്ത് നടത്തിയ മികച്ച പ്രകടങ്ങളാണ് ഇന്ത്യയെ റാങ്കിംഗില്‍ മുന്നോട്ടേക്ക് നയിക്കുന്നത്. അവസാനം കളിച്ച 8 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയും കോച്ച് കോണ്‍സ്റ്റന്റൈനും മുന്നേറുന്നത്. അടുത്തു തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഇന്ത്യ എത്തുമെന്ന് കോച്ച് കോണ്‍സ്റ്റന്റൈന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നതായി ഫാന്‍ പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി മകാവോയുമായുള്ള രണ്ട് ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളും ഫലസ്തീനുമായുള്ള സൗഹൃദ മത്സരവുമാണ് ഇന്ത്യയ്ക്കു മുന്നില്‍ ഉള്ളത്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പില്‍ ഒന്നാ സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.

We use cookies to give you the best possible experience. Learn more