ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്.സി പോരാട്ടത്തിന് പിന്നാലെയുണ്ടായ വിവാദ സംഭവങ്ങളുമായി പ്രചരിക്കുന്നത് തന്റെ ഓഡിയോ അല്ലെന്ന് ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക. മത്സരവുമായി ബന്ധപ്പെട്ട് താന്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോ വ്യാജമാണെന്നും അനസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഐ.എസ്.എല്ലില്‍ കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്.എസിക്കെതിരെ നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ബഹിഷ്‌കരിച്ചിരുന്നു. ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഗോള്‍ കേരളാ ഗോള്‍ കീപ്പര്‍ ഗില്‍ തയ്യാറാകുന്നതിന് മുമ്പ് സുനില്‍ ഛേത്രി സ്‌കോര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് മൈതാനം വിടുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ 97ാം മിനിട്ടിലാണ് വഴിത്തിരിവുണ്ടായത്. മത്സരത്തിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ വിവാദ ഗോള്‍ പിറന്നത്.
റഫറിയുടെ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് ഛേത്രി നേടിയ ഗോള്‍ അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധം വകവെക്കാതെ അധികൃതര്‍ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെയാണ് മുന്‍ ഇന്റര്‍നാഷണലും ഐ.എസ്.എല്‍ താരവുമായ അനസ് എടത്തൊടികയുടേതെന്ന പേരില്‍ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോക്ക് പുറമെ താരത്തിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത വീഡിയോ യൂട്യൂബിലും പ്രചരിക്കുന്നുണ്ട്.
വ്യാജ ഓഡിയോയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍;
‘എന്റെ അഭിപ്രായത്തില്‍ ഇത് ഗോള്‍ അല്ല. ഇപ്പോള്‍ കുറെ വീഡിയോസ് വരും, ക്വിക്ക് ഫ്രീ കിക്ക് എടുത്തെന്നും പറഞ്ഞിട്ട്. ക്വിക്ക് ഫ്രീ കിക്കും ഇതും തമ്മില്‍ വ്യത്യാസം ഉണ്ട്. ആ സംഭവം നടന്ന സമയത്ത്, റഫറി വിസില്‍ ചെയ്യുമ്പോള്‍ ബോള്‍ ഒരു പൊസിഷനില്‍ നില്‍ക്കുകയാണെങ്കില്‍ അപ്പോള്‍ അടിക്കുന്നതാണ് ഫ്രീ കിക്ക്. അങ്ങനെയാണെങ്കില്‍ അത് ഗോള്‍ ആണ്.
പക്ഷെ ഇവിടെ ഇന്ററപ്ഷന്‍ നടന്നിട്ടുണ്ട്. 30 സെക്കന്റോളം ഗെയിം നിന്നു. അതിന്റെ ശേഷമാണ് ഇങ്ങനെയൊരു കിക്ക് നടക്കുന്നത്. ഒരിക്കല്‍ ഗെയിം പോസ് ആയി അത് റീസ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ റഫറിയുടെ വിസില്‍ വേണം. ആ വിസില്‍ ഇവിടെ സംഭവിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് ഗോള്‍ അല്ല. ഇതിപ്പോള്‍ ക്വിക്ക് ഫ്രീ കിക്ക് എന്നും പറഞ്ഞിട്ട് നിങ്ങള്‍ യൂറോപ്യന്‍ ലീഗിലെ വീഡിയോ ഇട്ടിട്ട് കാര്യമില്ല.
കാരണം, ഇവിടെ ഐ.എസ്.എല്ലില്‍ നമ്മുടെ ടീമിലെ ഹ്യൂം തന്നെ ഗോള്‍ അടിച്ചിട്ടുണ്ട് മുംബൈക്കെതിരെ, നാലോ അഞ്ചോ സീസണ്‍ മുമ്പ്. അന്നത് എക്‌സാക്ട് ഗോള്‍ ആയിരുന്നു. അന്ന് നമ്മള്‍ അത് സെലിബ്രേറ്റ് ചെയ്തിട്ടുമുണ്ട്. അത് ക്വിക്ക് ഫ്രീ കിക്ക് ആയിരുന്നു. ഇവിടെ സിനാരിയോ വ്യത്യാസം ഉണ്ട്. ഇത് ഗോള്‍ അല്ല. ഇവാന്‍ ചെയ്തത് വിവേകമായിട്ടുള്ള കാര്യമല്ല. ആള്‍ അയാളുടെ വികാരത്തിന് അനുസരിച്ച് ചെയ്തതാണ്. ഒരു ഫാന്‍ എന്ന നിലയില്‍ നമ്മള്‍ അതിനൊപ്പം തന്നെ നില്‍ക്കും. അതില്‍ സംശയമൊന്നുമില്ല.
നമ്മുടെ ടീമിന് കുറച്ച് ഫൈന്‍ കിട്ടുമായിരിക്കും, അത് കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു സംഭവമുണ്ടായത് നല്ല കാര്യമാണ്. ഇതവിടെ പ്രൊട്ടസ്റ്റ് ചെയ്ത് പിന്നെ പോയി കളിച്ചിരുന്നെങ്കില്‍ ഇത് പുറത്തെത്തില്ലായിരുന്നു. ഇങ്ങനെയൊക്കെ നടന്നത് കൊണ്ട് റഫറിയിങ്ങിന്റെ കേസില്‍ മൊത്തം ഇന്‍വോള്‍വ്ഡ് ആകും,’ പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയില്‍ വ്യാജ ഓഡിയോയും വീഡിയോയും പ്രചരിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ലെന്നും കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോടും സംസാരിച്ചിട്ടില്ലെന്നും അനസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അനസ് എടത്തൊടിക ഡൂള്‍ന്യൂസിനോട് പറഞ്ഞത്;
‘ഫുട്‌ബോളിനെ കുറിച്ചാണെങ്കിലും മറ്റു പൊതുകാര്യങ്ങളിലാണെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് എന്റെ പ്രകൃതം. ഇവിടെയും അങ്ങനെ തന്നെയാണ്. എന്നോട് സംസാരിച്ചിട്ടുള്ളവര്‍ക്കും എന്നെ അറിയുന്നവര്‍ക്കും മനസിലാക്കാനാകും ഓഡിയോയില്‍ കേള്‍ക്കുന്നത് എന്റെ ശബ്ദമോ സ്ലാങ്ങോ അല്ല. പക്കാ മലപ്പുറം സ്ലാങ്ങിലുള്ള സംസാരമാണ് എന്റേത്. ഓഡിയോയില്‍ കേള്‍ക്കുന്നത് വേറിട്ടൊരു സ്ലാങ് ആണ്.
മാത്രവുമല്ല, കളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. വിവാദ വിഷയത്തില്‍ എനിക്കൊരു നിലപാടെടുക്കാനും ഇല്ല. കളിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും തീരുമാനങ്ങളെടുക്കാനും അവിടെയാളുകളുണ്ട്. വിഷയത്തില്‍ എനിക്കൊരു അഭിപ്രായവുമില്ല, പ്രത്യേകിച്ചൊരു ടീമിന്റെ പക്ഷം ചേര്‍ന്ന് ഞാന്‍ സംസാരിച്ചിട്ടുമില്ല,’ അനസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
Content Highlights: Indian Football player Anas Edathodika reacts on fake audio reacting against ISL