രാജ്യത്തെ വനിതാ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍. ടീമിന്റെ ബ്രസീല്‍ പര്യടനത്തിലെ പ്രകടനം മാത്രം കണക്കിലെടുത്താല്‍ തന്നെ ഇക്കാര്യം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രസീലിനോടുള്ള ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ലോകത്തിലെ തന്നെ മികച്ച ടീമിനെതിരെ നമ്മള്‍ സ്‌കോര്‍ ചെയ്തു. ഇതുമാത്രം കണക്കിലെടുത്താല്‍ മതി ഇന്ത്യയിലെ വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയറിയാന്‍,’ ഐ.എം. വിജയന്‍ പറയുന്നു.
നമ്മുടെ ടീമും കളിരീതികളും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഫെഡറേഷന്‍ നല്ല രീതിയില്‍ ടീമിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ ഫെബ്രുവരി 6 വരെ മുംബൈയില്‍ വെച്ച് നടക്കുന്ന എ.എഫ്.സി ഏഷ്യ കപ്പിനുള്ള സന്നാഹമത്സരം എന്ന നിലയിലാണ് ഇന്ത്യ ബ്രസീല്‍ പര്യടനം നടത്തിയത്.
ബ്രസീലിന് പുറമെ ചിലി, വെനസ്വലെ എന്നിവരടൊപ്പം നടന്ന ഫോര്‍ കണ്‍ട്രി ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യ പങ്കെടുത്തത്. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളിലും തോറ്റെങ്കിലും പ്രൊഫഷണല്‍ ഫുട്‌ബോളിലെ അതികായര്‍ക്കെതിരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്.
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ടീമുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് എ.എഫ്.സി ഏഷ്യ കപ്പ്. ഇന്ത്യയാണ് അടുത്ത സീസണില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. മുംബൈയിലും പൂനെയിലും വെച്ചാണ് ടൂര്‍ണമെന്റിന് കളമൊരുങ്ങുന്നത്.
46 ടീമുകളില്‍ നിന്നും യോഗ്യത നേടുന്ന 24 ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ മത്സരിക്കുക. കഴിഞ്ഞ തവണ കന്നി കിരീടം നേടിയ ഖത്തറാണ് നിലവിലെ ഏഷ്യന്‍ ഫുട്‌ബോള്‍ റാണിമാര്‍.