| Tuesday, 5th June 2018, 5:20 pm

ഫുട്‌ബോളിനെ മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്വം ക്രിക്കറ്റിനല്ല

സഫ്‌വാന്‍ റാഷിദ് പുല്ലാനി

ഫുട്‌ബോള്‍ പോലെ ലളിതവും ദൈര്‍ഘ്യം കുറഞ്ഞതുമായി ജനകീയ കളിരൂപത്തിന് ഇന്ത്യയില്‍ ഒരുകാലത്തും ആരാധകരില്ലാതിരുന്നിട്ടില്ല. കേരളവും ഗോവയും ബംഗാളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമെല്ലാം കാല്‍പന്തിനെ എല്ലാകാലത്തും നെഞ്ചേറ്റിയവരാണ്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലെ നാലാംസ്ഥാനമടക്കമുള്ള ശ്രദ്ധേയനേട്ടങ്ങളും ഇന്ത്യന്‍ടീം സ്വന്തമാക്കിയിരുന്നു.

യൂറോപ്യന്‍ ക്ലബ്ബുകളെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ താരങ്ങളുമെല്ലൊം എല്ലാ കാലത്തും നെഞ്ചേറ്റിയ ഇന്ത്യക്കാര്‍ ഇന്ത്യന്‍ഫുട്‌ബോളിനെ കയ്യൊഴിയാന്‍ കാരണം പതിറ്റാണ്ടുകളായി അത് ആരാധകര്‍ക്ക് നല്‍കിയ നിരാശമൂലം മാത്രമാണ്. തീര്‍ച്ചയായും ദേശീയതകൊണ്ട് മാത്രം നിര്‍വചിക്കാനാവുന്നതല്ല സ്‌പോര്‍ട്‌സിലെ ഇഷ്ടങ്ങള്‍.

പൊതുവില്‍ ഇന്ത്യന്‍ കായികരംഗത്തിന്റെയും ഫുട്‌ബോളിന്റെ തളര്‍ച്ചക്ക് കാരണമായിപറയുന്നത് ക്രിക്കറ്റിനെയാണെങ്കിലും ഞാന്‍ വിയോജിക്കുന്നു. ക്രിക്കറ്റ് ദേശീയവിനോദമായ ഇംഗ്ലണ്ട് ഫുട്‌ബോളിലെ വന്‍ശക്തികളിലൊന്നാണ്. ക്രിക്കറ്റ് ദേശീയ വിനോദമായ ഓസ്‌ട്രേലിയ ഫുട്‌ബോള്‍ലോകകപ്പ് കളിക്കുന്ന രാജ്യമാണ്. മറ്റെല്ലാ കായിക ഇനങ്ങളിലും ശക്തമായ ടീമും അവര്‍ക്കുണ്ട്. ദക്ഷിണാഫ്രിക്കയും ന്യൂസിലന്റുമെല്ലാം ലോകകപ്പ് കളിച്ചവരാണ്.

ക്രിക്കറ്റ് ഏറെ ജനകീയമായ വെസ്റ്റിന്‍ഡീസില്‍ ഉള്‍പ്പെടുന്ന ജമൈക്ക ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റുകളെ സംഭാവന ചെയ്ത രാജ്യമാണ്. ഉസെന്‍ബോള്‍ട്ടും യൊഹാന്‍ ബ്ലയ്ക്കും ക്രിക്കറ്റ് കളിച്ചുവളര്‍ന്നവരും ഇപ്പോഴും ആസ്വദിക്കുന്നവരുമാണ്. ഇന്ത്യ അടക്കമുള്ള ഉപഭൂഖണ്ഡത്തിലെ കായികതളര്‍ച്ചക്ക് അധികാരികള്‍ കണ്ടെത്തിയ ഒരു കാരണം
മാത്രമാണ് ക്രിക്കറ്റ്.

ഇന്ത്യയില്‍ അപ്പര്‍ക്‌ളാസിന്റെ മാത്രം കളിയായിരുന്ന ക്രിക്കറ്റ് ജനകീയമാകുന്നത് കപില്‍ദേവ് ലോകകപ്പുയര്‍ത്തിയതോടെയാണ്. സമയദൈര്‍ഘ്യവും സങ്കീര്‍ണ്ണതയും നിറഞ്ഞ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു തുടങ്ങിയതോടെ ജനകീയ കായികഇനമായി വളര്‍ന്നു. ഫുട്‌ബോളിന് ഇന്ത്യയില്‍ വളരാന്‍ കുറേക്കൂടി എളുപ്പമാണ്.

ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കുക, വിദേശ രാജ്യങ്ങളിലെ പരിശീലനങ്ങളും മികച്ചടീമുകളുമായുള്ള മത്സരങ്ങളും വഴി ഫുട്‌ബോളിലെ വന്‍ശക്തിയായി മാറാനുള്ള എല്ലാവിഭവങ്ങളും ഇന്ത്യയിലുണ്ട്. വലിയ വിപണിയായ ഇന്ത്യയില്‍ ഫുട്‌ബോളിന് പ്രചാരം ലഭിക്കുകയാണെങ്കില്‍ യൂറോപ്യന്‍ കളിക്കാര്‍ വരെ ഇന്ത്യയില്‍ കളിക്കാന്‍ കാത്തിരിക്കുന്ന ഒരുകാലം വരികതന്നെ ചെയ്യും..ഫുട്‌ബോളിനെ നന്നാക്കേണ്ട ഉത്തരവാദിത്വം ക്രിക്കറ്റിനല്ല.. ഫുട്‌ബോളിന് തന്നെയാണ്.. ഫുട്‌ബോളിന് മാത്രം

സഫ്‌വാന്‍ റാഷിദ് പുല്ലാനി

We use cookies to give you the best possible experience. Learn more