ഇന്ത്യന്‍ സിനിമയിലെ വിവിധ ഇന്‍ഡസ്ട്രികളില്‍ വലിയ വിജയങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2023. പത്താന്‍, ടൈഗര്‍ 3, പൊന്നിയിന്‍ സെല്‍വന്‍, ജയിലര്‍, ലിയോ മുതല്‍ അനിമല്‍ വരെ പല ഭാഷാ സിനിമകളും ബോക്‌സ് ഓഫീസില്‍ നിന്നും കോടികള്‍ വാരി. ഈ വിജയങ്ങള്‍ക്കൊപ്പം ചില വമ്പന്‍ പരാജയങ്ങള്‍ക്കും ഇന്ത്യന്‍ ബോക്‌സ് ഓഫീസ് 2023ല്‍ സാക്ഷിയായി. വലിയ ബജറ്റിലൊരുക്കി മാസങ്ങളോളം വമ്പന്‍ ഹൈപ്പില്‍ ഇരുന്ന ചിത്രങ്ങളാവാം ഇത്. അത്തരത്തില്‍ 2023ലെ ചില ബോക്‌സ് ഓഫീസ് ഡിസാസ്റ്ററുകള്‍ പരിശോധിക്കാം. മലയാളമൊഴികെയുള്ള ഇന്‍ഡസ്ട്രികളിലെ ചിത്രങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ആദിപുരുഷ്
2023 ബോക്‌സ് ഓഫീസ് പരാജയങ്ങളില്‍ ഒന്നാം സ്ഥാനത്ത് വെക്കാവുന്ന ചിത്രമാണ് ആദിപുരുഷ്. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് രാമനായി എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സീതയായി കൃതി സെനോണും രാവണനായി സെയ്ഫ് അലി ഖാനും വന്നതോടെ ചിത്രത്തിലെ താരസാന്നിധ്യം വര്‍ധിച്ചു.
ടീസര്‍ പുറത്ത് വന്നതോടെയാണ് ആദിപുരുഷിന്റെ കണ്ടകശനി തുടങ്ങിയത്. 500 കോടി ചെലവില്‍ നിര്‍മിച്ച ചിത്രത്തിന്റെ ടീസറിലെ വി.എഫ്.എക്‌സിന് കാര്‍ട്ടൂണുകളുടെ നിലവാരം പോലുമില്ലെന്നാണ് ഉയര്‍ന്ന പ്രധാനവിമര്‍ശനം. ഇത് ശരിയാക്കാനായി വീണ്ടും 200 കോടി കൂടി പിന്നീട് മുടക്കിയിരുന്നു. ഹനുമാനായി സീറ്റ് റിസര്‍വ് ചെയ്തതും ചിത്രത്തിനെതിരെ പരിഹാസം വിളിച്ചുവരുത്തി. സിനിമയില്‍ ഏറ്റവും വലിയ അപഹാസ്യമായത് രാവണനെ ചിത്രീകരിച്ച രീതിയായിരുന്നു. ജംഗിള്‍ബുക്ക്, ടാര്‍സന്‍, അവഞ്ചേഴ്‌സ്, കിങ് കോങ് തുടങ്ങി നിരവധി സിനിമകളില്‍ നിന്നും കോപ്പിയടിച്ചതും ചിത്രത്തിന് തിരിച്ചടിയായി. 700 കോടി മുടക്കിയ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ 350 കോടി മാത്രമായിരുന്നു. 350 കോടി രൂപ നഷ്ടം.
അക്ഷയ് കുമാര്‍ ചിത്രം സെല്‍ഫിയാണ് ബോളിവുഡിലെ അടുത്ത പരാജയം. 2019ല്‍ പുറത്ത് വന്ന പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രമായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഹിന്ദി റീമേക്കിന് ബോക്‌സ് ഓഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. 100 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 23 കോടി മാത്രമാണ് നേടിയത്.
3. ഷെഹസാദേ
കാര്‍ത്തിക് ആര്യന്‍ ചിത്രം ഷെഹസാദേയും പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. തെലുങ്ക് ചിത്രം അല വൈകുണ്ഡപുരമുലോയുടെ റീമേക്കാണ് ഈ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രം തെന്നിന്ത്യയില്‍ വമ്പന്‍ ഹിറ്റായിരുന്നു. 100 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. അതേസമയം കാര്‍ത്തിക് ആര്യന്റെ ഷെഹ്സാദ ബോക്സ് ഓഫീസില്‍ 47 കോടി മാത്രമാണ് നേടിയത്. 85 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മാണം.
4. കിസി കാ ഭായ് കിസി കി ജാന്‍
സല്‍മാന്‍ ഖാന്‍ ചിത്രം കിസി കി ഭായ് കിസി കാ ജാന്‍ അജിത് ചിത്രം വീരത്തിന്റെ റീമേക്കായിരുന്നു. പൂജ ഹെഗ്‌ഡേ നായികയായ ചിത്രത്തില്‍ വെങ്കിടേഷ്, ജഗപതി ബാബു, രാം ചരണ്‍ തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളെ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല.
ലോകേഷ് കനകരാജ്- കാര്‍ത്തി കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കൈതി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌തെത്തിയതാണ് അജയ് ദേവ്ഗണ്‍ നായകനായ ഭോല ശങ്കര്‍. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും. തബു, അമലാ പോള്‍, സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ദീപക് ദോബ്രിയാല്‍, വിനീത് കുമാര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. അഭിഷേക് ബച്ചന്‍ അതിഥി വേഷത്തിലെത്തിയിരുന്നു. നരേയ്ന്‍ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ കഥാപാത്രത്തിലാണ് തബു അഭിനയിച്ചത്. തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ചിത്രത്തില്‍നായകന്റെ ഫ്ളാഷ്ബാക്ക്, പ്രണയം, പാട്ടുകള്‍ എന്നിവയുമുള്‍പ്പെടുത്തിയിരുന്നു. ചിത്രത്തിന് വലിയ വിമര്‍ശനവും ട്രോളുകളും നേരിട്ടു എന്ന് മാത്രമല്ല, തിയേറ്ററിലും പരാജയമായി.
6. ഭോല ശങ്കര്‍
ചിരഞ്ജീവി ചിത്രം ഭോല ശങ്കറാണ് തെലുങ്കില്‍ നിന്നുമുള്ള പരാജയചിത്രം. തമന്നയും കീര്‍ത്തി സുരേഷും നായികമാരായ ചിത്രത്തിന് മേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. അജിത്തിന്റെ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായിരുന്നു ഭോല ശങ്കര്‍. സഹോദരീസഹോദരന്മാരായാണ് ചിത്രത്തില്‍ കീര്‍ത്തിയും ചിരഞ്ജീവിയും അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന് ശേഷം എത്തുന്ന ചിരഞ്ജീവിയുടെ അടുത്ത റീമേക്ക് ചിത്രമെന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷകളായിരുന്നു ഭോലാ ശങ്കറിന്. എന്നാല്‍ ഭോല ശങ്കര്‍ ഗോഡ്ഫാദറിനേക്കാള്‍ നിലവാരത്തില്‍ താഴെയാണ് എന്നായിരുന്നു സിനിമ കണ്ടവര്‍ പറഞ്ഞത്. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആദ്യവാരത്തില്‍ 29 കോടി മാത്രമാണ് നേടാനായത്.
7. ശാകുന്തളം
സാമന്ത, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ശാകുന്തളം. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സാമന്ത ശകുന്തളയായും ദേവ് മോഹന്‍ ദുഷ്യന്തനായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ശാകുന്തളം വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തി. 65 കോടി മുടക്കിയ ചിത്രം നേടിയത് 7 കോടി മാത്രമായിരുന്നു.
വമ്പന്‍ ഹൈപ്പില്‍ വന്ന് ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തിയ അടുത്ത തെലുങ്ക് ചിത്രം ഏജന്റാണ്. അഖില്‍ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാന കഥാപാത്രമായെത്തിയ ഏജന്റ് വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം നല്‍കാനായിരുന്നില്ല. വ്യാപക വിമര്‍ശനങ്ങളേയും തിയേറ്റര്‍ പരാജയത്തെ തുടര്‍ന്നും നിര്‍മാതാവ് അനില്‍ സുങ്കര മാപ്പും പറഞ്ഞിരുന്നു.
9. കബ്‌സ
കന്നഡയില്‍ നിന്നുമുള്ള പ്രധാന പരാജയ ചിത്രമാണ് കബ്‌സ. ഉപേന്ദ്ര നായകനായ ചിത്രം 1930കളില്‍ സംഭവിക്കുന്ന കഥയാണ് പറഞ്ഞത്. ആര്‍. ചന്ദ്രു സംവിധാനം ചെയ്ത ചിത്രത്തില്‍ കിച്ചാ സുദീപ്, ശ്രീയ ശരണ്‍, ശിവ രാജ്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ വിമര്‍ശനം നേരിട്ട ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു. ചിത്രത്തിന് കെ.ജി.എഫുമായുള്ള സാമ്യമാണ് പ്രധാനമായും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നത്. കെ.ജി.എഫിന്റെ സ്പൂഫാണ് ചിത്രമെന്നും ഇങ്ങനെയൊക്ക കോപ്പിയടിച്ചുവെക്കാമോയെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
10. ചന്ദ്രമുഖി 2
കങ്കണ റണാവത്ത്, രാഘവ ലോറന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചന്ദ്രമുഖി 2 രജിനി ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായിരുന്നു. സമ്മിശ്രപ്രതികരണം ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. കങ്കണയുടേയും രാഘവ ലോറന്‍സിന്റേയും പ്രകടനത്തിന് വിമര്‍ശനം ഉയര്‍ന്നതിന് പുറമേ ഇത് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണോ അതോ സ്പൂഫാണോ എന്നും പരിഹാസമുയര്‍ന്നു.