സൗദി അറേബ്യയില്‍ കേന്ദ്രമന്ത്രി പീയുഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക വെച്ചത് തലതിരിച്ച്
Daily News
സൗദി അറേബ്യയില്‍ കേന്ദ്രമന്ത്രി പീയുഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക വെച്ചത് തലതിരിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2017, 2:26 pm

piyushgoyal

അബുദാബി: സൗദി അറേബ്യയില്‍ കേന്ദ്രമന്ത്രി പീയുഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക വെച്ചത് തലതിരിച്ച്.  സൗദി നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കായി അബുദാബിയിലെത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഇന്ത്യന്‍ പതാക തലകീഴായി വെച്ചത്.

ഊര്‍ജ്ജപുനരുത്പാദനവുമായിബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് പീയുഷ്‌ഗോയല്‍ അബുദാബിയിലെത്തിയത്. ചര്‍ച്ചയ്ക്ക് മുന്‍പായി പീയുഷ്‌ഗോയലിന് ഉപഹാരം നല്‍കുന്നതിന് പിന്നിലായാണ് ഇരുരാജ്യങ്ങളുടേയും ദേശീയപതാക വെച്ചിരുന്നത്.

ഇതില്‍ ഇന്ത്യയുടെ പതാക തലതിരിച്ചായിരുന്നു വെച്ചത്. സൗദി പ്രസ് ഏജന്‍സിയായിരുന്നു ഈ ചിത്രം പുറത്തുവിട്ടത്. അബദ്ധം മനസിലാക്കാതെയായിരുന്നു ഏജന്‍സി ഫോട്ടോ പുറത്തുവിട്ടത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

സൗദിയിലെ ഊര്‍ജ്ജമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി ധാരണയിലെത്തിയെന്നും ചര്‍ച്ചയ്ക്ക് ശേഷം പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടത്.


2015 നവംബറില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ അബേയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയും ഇന്ത്യന്‍ പതാക തലതിരിച്ചായിരുന്നു കെട്ടിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ദേശീയ പതാക ചവിട്ടിയായി ചിത്രീകരിക്കുകയും ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ചെരിപ്പ് വില്‍പ്പനക്ക് വെക്കുകയും ചെയ്ത ആമസോണ്‍ ഓണ്‍ലൈന്‍ സൈറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഉത്പ്പന്നം പിന്‍വലിച്ച് ആമസോണ്‍ മാപ്പുപറയും ചെയ്തിരുന്നു. ആമസോണിന്റെ യു.എസ് സൈറ്റിലായിരുന്നു ഇന്ത്യന്‍ പതാകയെ അപമാനിച്ചത്.