കളിക്കിടെ ഇന്ത്യയെ അപമാനിച്ച് ദക്ഷിണാഫ്രിക്ക; പ്രതിഷേധവുമായി ആരാധകന്‍ രംഗത്തെത്തിയതോടെ തലയൂരി
India-South Africa
കളിക്കിടെ ഇന്ത്യയെ അപമാനിച്ച് ദക്ഷിണാഫ്രിക്ക; പ്രതിഷേധവുമായി ആരാധകന്‍ രംഗത്തെത്തിയതോടെ തലയൂരി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2018, 6:23 pm

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ശിഖര്‍ ധവാനും നായകന്‍ വിരാട് കോഹ്‌ലിയും ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്.

എന്നാല്‍ കളിക്കിടെയുണ്ടായ സംഭവം ഇന്ത്യന്‍ ആരാധകരെ രോഷാകുലരാക്കിയിരിക്കുകയാണ്. കേപ്ടൗണിലെ ന്യൂലാന്റ്‌സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നത്. ഇതേ വേദിയില്‍ നേരത്തെ ടെസ്റ്റ് മത്സരവും നടന്നിരുന്നു. രണ്ടു വട്ടവും സ്റ്റേഡിയം അധികൃതര്‍ ഇന്ത്യയെ അപമാനിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യയുടെ ദേശീയ പതാക തല കീഴായിട്ടായിരുന്നു മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തില്‍ ഉയര്‍ത്തിയത്. ഇതിനെതിരെ ഇന്ത്യന്‍ ആരാധകരിലൊരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് പിന്നാലെ പാതക ശരിയായി ഉയര്‍ത്തുകയായിരുന്നു.

ഇതേ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിനിടയിലും ഇതേ രീതിയില്‍ ഇന്ത്യന്‍ പതാകയെ ദക്ഷിണാഫ്രിക്ക അപമാനിച്ചിരുന്നുവെന്നും ആരാധകന്‍ പറയുന്നു. ദേബസിസ് സെന്‍ എന്നയാളാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പരമ്പരയില്‍ 2-0 ന് മുമ്പിലാണ് ഇന്ത്യ. കേപ്പ് ടൗണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യ തന്നെയാണ് ഫേവറീറ്റുകള്‍. പ്രധാന താരങ്ങളായ ഡിവില്യേഴ്‌സിനേയും ഡുപ്ലെസിസിനേയും ഡികോക്കിനേയും നഷ്ടമായതോടെ പോര്‍ട്ടീസ് നിര ആകെ പരുങ്ങലിലായിരിക്കുകയാണ്.

ടെസ്റ്റ് പരമ്പരയുടെ മുഴുവന്‍ ക്ഷീണവും തീര്‍ത്ത് ഏകദിന പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ് വിരാടും സംഘവും. നിലവിലെ സാഹചര്യങ്ങളില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് തിരിച്ചു വരവെന്നത് ഏറെക്കുറെ അസാധ്യമാണ്.

ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 140-2 എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി പിന്നിട്ടിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (76) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.