| Monday, 23rd March 2020, 11:25 pm

പട്ടിണി, ഇറാനില്‍ കുടുങ്ങിയ മലയാളികളടങ്ങിയ മത്സ്യത്തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍; കൊറോണയെ അതിജീവിച്ചാലും വിശന്ന് മരിക്കുമെന്ന് സംഘത്തിലുള്ളവര്‍-ഐ.എ.എന്‍.എസ് എക്‌സ്‌ക്ലൂസിവ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 900-ഓളം മത്സ്യത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് കഴിക്കാന്‍ ആഴ്ചകളായി ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും സംഘം കടുത്ത പട്ടിണിയിലാണെന്നും വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കൊറോണ ഏറ്റവുമധികം ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. കൊറോണ വ്യാപനം ആരംഭിച്ച സമയത്തുതന്നെയാണ് സംഘം ഇറാനില്‍ കുടുങ്ങിയത്. തുടര്‍ന്ന് സംഘത്തെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

സംഘത്തിലെ 65 പേരാണ് മലയാളികള്‍. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍.

700 പേര്‍ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്നും ബാക്കിയുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ളവരാണ്. നാലുമാസം മുമ്പാണ് ഇവര്‍ ഇറാനിലേക്ക് പോയത്.

എത്രയും പെട്ടന്ന് രക്ഷപെടാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊറോണയെ അതിജീവിച്ചാലും വിശന്ന് മരിച്ചേക്കുമെന്നാണ് സംഘത്തിലുള്ള ജനീഷ് എന്നയാള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. തങ്ങളെ തിരിച്ചെത്തിക്കണമെന്ന് ഇവര്‍ അന്ന് വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more