ന്യൂദല്‍ഹി: നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. കേസില്‍ ഇറ്റലി നല്‍കിയ പരാതി പരിശോധിച്ച യു.എന്‍ ട്രൈബ്യൂണലാണ് ഇന്ത്യയോടും ഇറ്റലിയോടും നിയമനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
കേസില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് അനുവാദമില്ലെന്നും കടല്‍ക്കൊലക്കേസില്‍ തങ്ങളുടെ നാവികരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ടാണ് ഇറ്റലി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചത്. ഇറ്റാലിയന്‍ സൈനികരെ ഇന്ത്യ വിട്ടയയ്ക്കാന്‍ ഉത്തരവിടണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈൂബ്യൂണല്‍ തള്ളിയിട്ടുണ്ട്.
ഇവരെ വിചാരണ ചെയ്യാന്‍ ഏതു രാജ്യത്തിനാണ് അധികാരം എന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ അഞ്ചംഗ തര്‍ക്ക പരിഹാര ബെഞ്ചിനെ ചുമതലപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ട്രൈബ്യൂണലിനു അര്‍ഹതയില്ലെന്ന ഇന്ത്യയുടെ വാദം കോടതി തള്ളി.
കടല്‍ക്കൊലക്കേസില്‍ പ്രാരംഭ റിപ്പോര്‍ട്ട് സെപ്തംബര്‍ 24നകം കോടതിയില്‍ സമര്‍പ്പിക്കാനും യു.എന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ട്രൈബ്യൂഷണല്‍ അധ്യക്ഷനായ ജഡ്ജി വഌഡിമര്‍ ഗോലിറ്റ്‌സിന്റേതാണ് വിധി. 21 അംഗ ട്രൈബ്യൂണലില്‍ 15 പേരും ഇരുരാജ്യങ്ങളും നിയമനടപടി നിര്‍ത്തിവെക്കണമെന്ന നിലപാടിനെ അനുകൂലിച്ചു. ആറുപേര്‍ വിയോജിപ്പു രേഖപ്പെടുത്തി. ജര്‍മ്മനിയിലെ ഹാംബര്‍ഗാണ് ട്രൈബ്യൂണലിന്റെ ആസ്ഥാനം.
ഇറ്റലി സഹകരിക്കുകയാണെങ്കില്‍ കടല്‍ക്കൊലക്കേസില്‍ നാലുമാസത്തിനുള്ളില്‍ നിയമനടപടി പൂര്‍ത്തിയാക്കാമെന്ന് ഇന്ത്യ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
2012 ഫെബ്രുവരി 15 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്റിക്ക ലെക്‌സി എന്ന കപ്പലിലെത്തിയ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മലയാളി മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവരെ പുറംകടലില്‍ വെച്ച് നാവികരുടെ വെടിയേറ്റു മരിച്ചത്. ലസ്‌തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ കേസില്‍ പ്രതികള്‍.