സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങളാല്‍ ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനവും, കൊവിഡ് പ്രതിസന്ധിയും കാരണം ഷൂട്ട് തുടങ്ങാന്‍ വൈകിയിരുന്നു.
എന്നാല്‍ ഷൂട്ട് പുനരാരംഭിച്ച ശേഷം സെറ്റിലെ കൂറ്റന്‍ ലൈറ്റ് തകര്‍ന്ന് യൂണിറ്റിലെ അംഗം മരണപ്പെട്ടതും ചിത്രീകരണം പുനരാരംഭിക്കാന്‍ വൈകി. സിനിമക്കായി കമല്‍ ഹാസനെ ഡീ ഏജ് ചെയ്തതും ഷൂട്ടിനിടെ മരണപ്പെട്ട നെടുമുടി വേണുവിനെ ഗ്രാഫിക്‌സ് ഉപയോഗിച്ച് വീണ്ടും കൊണ്ടുവരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. ജൂലൈ 12ന് ചിത്രം പുറത്തിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
ഇപ്പോഴിതാ രണ്ടാം ഭാഗത്തിന് മുന്നേ ആദ്യഭാഗം റീ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ജൂണ്‍ ഏഴിന് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കമല്‍ ഹാസന് ലഭിച്ചിരുന്നു. തമിഴിലെ ആദ്യത്തെ 25 കോടി ചിത്രമെന്ന നേട്ടവും ഏറ്റവും കൂടുതല്‍ ഫുട്ഫാള്‍സ് എന്ന റെക്കോഡും ഇന്ത്യന്‍ നേടിയിരുന്നു. എ.ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനങ്ങളും അക്കാലത്ത് ട്രെന്‍ഡിങായിരുന്നു.
അതേസമമയം രണ്ടാം ഭാഗം വന്‍ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമാണ് ഒരുങ്ങുന്നത്. കമല്‍ ഹസന് പുറമെ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, എസ്.ജെ. സൂര്യ, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, നെടുമുടി വേണു, മനോബാല എന്നിവരാണ് മറ്റ് താരങ്ങള്‍. അനിരുദ്ധിന്റേതാണ് സംഗീതം. ലൈക്ക പ്രൊഡക്ഷന്‍സിന്റെയും, റെഡ് ജയന്റ് ഫിലിംസിന്റെയും ബാനറില്‍ സുബാസ്‌കരനും, ഉദയനിധി സ്റ്റാലിനുമാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Indian first part getting to re release on June 7th