വാഷിങ്ടൺ ഡി.സി: രോഗികളിൽ കാഴ്ച നഷ്ടപ്പെടുകയും അണുബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കയിൽ നിന്ന് ഇന്ത്യൻ നിർമ്മിത തുള്ളിമുരുന്നുകൾ പിൻവലിച്ചു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റ് ആണ് ഐ ഡ്രോപ്പുകൾ പിൻവലിക്കുന്നത്.
ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ നിർമ്മിക്കുന്ന എസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പിൻവലിച്ചത്. 50 അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.
ഐ ഡ്രോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ (US center for disease control and prevention center / CDC) വ്യക്തമാക്കി.
മരുന്ന് ഉപയോഗിക്കുന്നവരുടെ രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഇത്തരം അണുബാധകൾ മരണത്തിന് വരെ കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (US food and drugs administration) നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ന്യൂജേഴ്സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, നെവാഡ, ടെക്സസ്, യൂട്ട, വാഷിംഗ്ടൺ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
എപ്പിഡെമിയോളജിക്കൽ അന്വേഷണവും ലബോറട്ടറി വിശകലനങ്ങളും പൂർത്തിയാകുന്നതുവരെ ക്ലിനിക്കുകളും രോഗികളും എസ്രികെയർ തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് നിർദേശം.
അതേസമയം മരുന്നുകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് മരുന്ന് തിരിച്ചുവിളിക്കുകയാണെന്നാണ് കമ്പനിയുടെ വിശദീകരണം. വിഷയത്തിൽ വ്യക്തമായ അന്വേഷണം നടത്തുമെന്നും ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ അറിയിച്ചു.
Content Highlight: Indian Firm Suspends Production Of Eye Drops Linked To Death In US