| Sunday, 1st September 2024, 6:51 pm

അദ്ദേഹത്തെ പോലൊരു നല്ല മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല: ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്. വ്യക്തിജീവിതത്തില്‍ രോഹിത് ശര്‍മ ഒരു നല്ല മനുഷ്യനാണെന്നാണ് ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് പറഞ്ഞത്.

‘എന്റെ ജീവിതത്തില്‍ രോഹിത് ശര്‍മയെപ്പോലെ നല്ല മനുഷ്യരെ ഞാന്‍ വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ,’ ടി. ദിലീപ് പറഞ്ഞു.

കളിക്കളത്തിനകത്തും പുറത്തുമുള്ള രോഹിത്തിന്റെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് ഇതിനോടകം തന്നെ ധാരാളം ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ടീമിലെ സഹതാരങ്ങളോടുള്ള രോഹിത്തിന്റെ പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് രോഹിത്തിന്റെ കീഴിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

ഈ ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അതേസമയം അടുത്തിടെ അവസാനിച്ചശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചുകൊണ്ട് സീരീസ് വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയ താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ രോഹിത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Indian Feelding Coach Praises Rohit Sharma

We use cookies to give you the best possible experience. Learn more