ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചുവന്നത് ശുഭസൂചനയായിരുന്നു. എന്നാല്‍, രോഹിത്തും കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയുമടങ്ങുന്ന പേരുകേട്ട ഇന്ത്യന്‍ മുന്‍നിര ബാറ്റിങ് വന്ദേ ഭാരത് എക്‌സ്പ്രസിനേക്കാളും വേഗത്തില്‍ പവലിയനില്‍ തിരിച്ചെത്തുന്ന കാഴ്ച ഇന്ത്യന്‍ ഫാന്‍സിന്റെ നെഞ്ചുലയ്ക്കുന്നതായിരുന്നു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ (15) ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുമ്പില്‍ കുടുക്കിയപ്പോള്‍, ശുഭ്മന്‍ ഗില്ലും (13), ചേതേശ്വര്‍ പൂജാരയും (14) ക്ലീന്‍ ബൗള്‍ഡായത് പന്തിന്റെ ലൈന്‍ മനസിലാക്കാനാകാതെ അനാവശ്യമായി ലീവ് ചെയ്യാന്‍ ശ്രമിച്ചാണ്.
ഓഫ് സ്റ്റംമ്പിന് പുറത്ത് പിച്ച് ചെയ്ത് മിഡില്‍ സ്റ്റമ്പ് ലക്ഷ്യമാക്കി അകത്തേക്ക് ഇന്‍ സ്വിങ് ചെയ്യുന്ന കംഗാരു പേസ് പടയുടെ ഓള്‍ഡ് സ്‌റ്റൈല്‍ ഡെലിവറികള്‍ക്ക് മുന്നില്‍, ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണത് ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്ന് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിന്ന് വ്യക്തമാണ്.
ഐ.സി.സി ടൂര്‍ണമെന്റുകളിലെ നിര്‍ണായകമായ മത്സരങ്ങളില്‍ കവാത്ത് മറക്കുന്ന ശീലം ഇന്ത്യ തുടരുകയാണെന്നാണ് ഒരു ഡൈ ഹാര്‍ഡ് ഇന്ത്യന്‍ ആരാധകന്‍ വേദനയോടെ ട്വിറ്ററില്‍ കുറിച്ചത്. വിരാട് കോഹ്‌ലിക്ക് നേരെയും വിമര്‍ശന ശരങ്ങള്‍ ഉയരുന്നുണ്ട്.
പുറത്തായ ശേഷം നിരാശയൊന്നും പ്രകടിപ്പിക്കാതെ കൂളായി പവലിയനുള്ളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് വിമര്‍ശനം ഉയര്‍ന്നത്. ടെസ്റ്റില്‍ താരത്തിന്റെ മോശം ഫോം തുടരുകയാണ്.
താരങ്ങള്‍ ഐ.പി.എല്‍ ടീമുകളില്‍ പൈസയ്ക്ക് വേണ്ടി കളിക്കുന്നതിന്റെ നൂറിലൊരംശം ആത്മാര്‍ത്ഥത ദേശീയ ടീമിനായി കാണിക്കുന്നില്ലെന്നും ഒരു ആരാധകന്‍ വിമര്‍ശിച്ചു. ലീവ് ചെയ്ത് അനാവശ്യമായി വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനും ചേതേശ്വര്‍ പൂജാരക്കും നേരെയും നിരവധി ട്രോളുകള്‍ വരുന്നുണ്ട്.
പണക്കൊഴുപ്പിന്റെ മേളമായ ഐ.പി.എല്ലിലെ ടോപ് സ്‌കോററായ ഗില്‍ ഈ കളി കളിക്കുന്നത് ടീമിനോട് ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ടാണെന്നും ഒരു ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. കൗണ്ടിയില്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്ന ഫോമിന്റെ ഏഴയലത്ത് പോലും പൂജാര എത്തുന്നില്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതൊക്കെയാണെങ്കിലും അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി പൊരുതിയ അജിങ്ക്യ രഹാനെയെയും രവീന്ദ്ര ജഡേജയെയും ആരാധകര്‍ മുക്തകണ്ഠം അഭിനന്ദിക്കുന്നുണ്ട്.