തിരുവനന്തപുരം എന്നെഴുതാന്‍ എടുക്കുന്ന സമയത്തിനേക്കാള്‍ സ്ലോയാണ് ഇവന്റെ ബാറ്റിങ്, മികച്ചയൊരു ടെസ്റ്റ് ഇന്നിങ്‌സ്; മത്സരത്തിന് ശേഷം ഇന്ത്യന്‍ ബാറ്ററെ ട്രോളി ആരാധകര്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലോ സ്‌കോറിങ് മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദക്ഷിണാഫ്രിക്ക 108 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
33 പന്ത് നേരിട്ട് ആഞ്ഞടിച്ചാണ് സൂര്യ കളിച്ചതെങ്കില്‍ പതിഞ്ഞ താളത്തിലായിരുന്നു രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 56 പന്ത് നേരിട്ടാണ് അദ്ദേഹം 51 റണ്‍സ് നേടിയത്.
ഒരു ഘട്ടത്തില്‍ 22 പന്തില്‍ 11 റണ്‍സായിരുന്നു രാഹുലിന്റെ സ്‌കോര്‍. പേസും ബൗണ്‍സും ആവശ്യത്തിലേറെയുണ്ടായിരുന്ന പിച്ചില്‍ ന്യൂബോള്‍ സര്‍വൈവ് ചെയ്യാന്‍ രാഹുല്‍ പാടുപ്പെട്ടിരുന്നു. എന്നാല്‍ മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം താളം കണ്ടെത്തുകയായിരുന്നു.
മത്സരത്തിന് ശേഷം ഒരുപാട് ട്രോളുകളാണ് രാഹുലിന് നേരെ വരുന്നത്. രാഹുല്‍ ബാറ്റ് ചെയ്യുന്നത് തിരുവനന്തപുരം എന്നെഴുതുന്നതിനേക്കാള്‍ പതിയെയാണെന്നും മികച്ച ടെസ്റ്റ് ഇന്നിങ്‌സ് എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.
രാഹുലിനെ ഉടന്‍ തന്നെ പുറത്താക്കണമെന്നും അവനാണ് ടീമിന്റെ മൊത്തെ മൂഡ് കളയുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ടൈമില്‍ ഇന്ത്യന്‍ ടീമിന്റെ 360 എന്ന് വിശേഷിക്കപ്പെട്ടിരുന്ന താരമാണ് രാഹുലെന്നും ആരാധകര്‍ പറയുന്നു.
KL Rahul batting slower than the time it takes to type Thiruvananthapuram
അതേസമയം, മത്സര ശേഷം ഈ പിച്ചില്‍ കളിക്കുന്നത് കഠിനമായിരുന്നുവെന്ന് ഇന്നലെ പ്രാക്ടീസ് ചെയ്തപ്പോഴെ മനസിലായെന്നും എന്നാല്‍ തനിക്ക് സ്ട്രഗിള്‍ ചെയ്തിട്ടായാലും ജയിപ്പിക്കണം എന്നായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
‘ഇത് ഹാര്‍ഡ് വര്‍ക്കായിരുന്നു. എന്നാല്‍ വന്നയുടനെ തന്നെ സൂര്യ ഷോട്ടുകള്‍ കളിക്കുന്നത് അവിശ്വസനീയമായിരുന്നു. പന്ത് പറക്കുന്നത് നമ്മള്‍ കണ്ടതാണ്, എന്നാല്‍ ആ സാഹചര്യത്തിലും സൂര്യ വന്ന് ആക്രമിച്ച് കളിച്ച സമീപനം അതിശയകരമാണ്.
ആദ്യ പന്തിന് ശേഷം, ആക്രമണോത്സുകത കാണിക്കാനും ബൗളറെ ഏറ്റെടുക്കാനും അദ്ദേഹം ആഗ്രഹിച്ചു. തന്റെ സ്വന്തം ശൈലിയില്‍ ഷോട്ടുകള്‍ കളിക്കണമെന്നും കുറച്ച് റണ്‍സ് നേടണമെന്നും അദ്ദേഹം പറഞ്ഞു. അത് സമയമെടുത്ത് കളിക്കാന്‍ എന്നെ സഹായിച്ചു. ഞങ്ങള്‍ ഇന്നലെ ഇവിടെ പ്രാക്ടീസ് ചെയ്തിരുന്നു. അപ്പോഴെ മനസിലായി, അതുകൊണ്ട് ഇങ്ങനത്തെ വിക്കറ്റിന് തയ്യാറായിട്ടായിരുന്നു വന്നത്. ഇത് എളുപ്പമുള്ള വിക്കറ്റായിരുന്നില്ല. എന്നാല്‍ വെല്ലുവിളി നേരിടാനും ടീമിന് വേണ്ടി ജോലി ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു,’ മത്സരത്തിന് ശേഷം രാഹുല്‍ പറഞ്ഞു.