'വടയമ്പാടിയില്‍ മാധ്യമ വിലക്കോ?'; ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖികയെ വടയമ്പാടിയില്‍ എന്‍.എസ്.എസ് സംഘം തടഞ്ഞു
Vadayambadi
'വടയമ്പാടിയില്‍ മാധ്യമ വിലക്കോ?'; ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖികയെ വടയമ്പാടിയില്‍ എന്‍.എസ്.എസ് സംഘം തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th February 2018, 7:21 pm

പുത്തന്‍കുരിശ്: വടയമ്പാടി ജാതി മതില്‍ വിരുദ്ധ സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ എന്‍.എസ്എസ് നേതാക്കള്‍ തടഞ്ഞു. സമരസ്ഥലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖിക ഗോപികയെയും ഫോട്ടോഗ്രാഫറെയും ക്ഷേത്ര പരിസരത്തുവെച്ച് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

എന്‍.എസ്.എസ് നേതാവ് അജു കുട്ടന്‍, ശിവന്‍ കുട്ടന്‍, കാളിദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ സമരസ്ഥലം സന്ദര്‍ശിക്കാന്‍ പോയതെന്നും അപ്പോഴാണ് ഒരുസംഘം ആളുകള്‍ തങ്ങളെ തടഞ്ഞുവെച്ചതെന്നും ഗോപിക ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ഥലത്തെത്തിയ ഞങ്ങള്‍ സമരസമിതിയിലുള്ള ആളുകളെ കണ്ട് തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിലെത്തിയ സംഘം തങ്ങളെ തടഞ്ഞതെന്നും സ്ത്രീയാണെന്ന പരിഗണന നല്‍കാതെയായിരുന്നു അവരുടെ സംസാരമെന്നും ഗോപിക പറഞ്ഞു.

“അമ്പലത്തിന്റെ മൈതാനത്തിന്റെ സൈഡിലൂടെ ഞാനും ഫോട്ടോഗ്രാഫറും നടന്നു വരികയായിരുന്നു. പെട്ടെന്നൊരു വാഹനം സൈഡില്‍ വന്ന് നിര്‍ത്തി. വണ്ടിയില്‍ നിന്നിറങ്ങിയവര്‍ നീ ഏതാടി എന്നു ചോദിച്ചു. ഞാന്‍ മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ഡി കാര്‍ഡ് കാണിച്ചു. കാര്‍ഡ് കാണിച്ചപ്പോള്‍ ഏതവളായാലും കൊള്ളാം പൊക്കോളണം ഇവിടുന്ന് എന്നായിരുന്നു മറുപടി.” ഗോപിക ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എടീ പോടീ വിളികളായിരുന്നു അവരില്‍ നിന്നുണ്ടായിരുന്നതെന്നും കൈയ്യേറ്റം വരെ സംഭവമെത്തിയെന്നും പറയുന്ന ഗോപിക തങ്ങള്‍ ആദ്യം സ്ഥലത്തെത്തിയപ്പോള്‍ പൊലീസ് അവിടെയുണ്ടായിരുന്നെന്നും എന്നാല്‍ സംഭവം നടക്കുമ്പോള്‍ അവിടെയാരും ഉണ്ടായില്ലെന്നും പറഞ്ഞു.

തങ്ങളെ വിളിച്ച ശേഷമെ ഇങ്ങോട്ട് വരാന്‍ പാടുള്ളൂവെന്നും നിങ്ങളുടെ ജോലിയെന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും പറഞ്ഞ സംഘം രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചതെന്നും ഗോപിക പറയുന്നു. പത്ത് മിനുട്ടിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നെന്നും താനും ഫോട്ടോഗ്രാഫറും സ്റ്റേഷനില്‍ ചെന്ന് സി.ഐയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചശേഷമാണ് മടങ്ങിയതെന്നും അവര്‍ പറഞ്ഞു.