| Thursday, 9th April 2020, 1:26 pm

കേരളം നേടിയ എല്ലാ അഭിവൃദ്ധിയുടെയും അസ്ഥിവാരം പ്രവാസി മലയാളികളുടെ വിയര്‍പ്പാണ്. അവരെ തിരിച്ചെത്തിച്ചേ മതിയാകൂ

ഷാഹിന നഫീസ

ഏപ്രില്‍ 3 ന് ഒമാന്‍ എയര്‍വേസിന്റെ ഒരു വിമാനം കൊച്ചിയില്‍ വന്നു. കേരളത്തില്‍ പെട്ട് പോയ 44 ഒമാന്‍ പൗരന്മാരെയും കൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകിട്ട് 4.12 ന് പറന്നുയര്‍ന്ന വിമാനം ബാംഗ്ലൂരില്‍ ഇറങ്ങി അവിടെ നിന്നുള്ള ഒമാന്‍ പൗരന്മാരെയും കൊണ്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയി.

ഏപ്രില്‍ 4 ന് രാവിലെ എട്ട് മണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍, കേരളത്തില്‍ കുടുങ്ങിയ 122 ഫ്രഞ്ച് പൗരന്മാര്‍ സ്വദേശത്തേക്ക് തിരിച്ചു പോയി. മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള ഫ്രഞ്ച് പൗരന്മാരെയും കൊണ്ടാണ് ഈ വിമാനം പാരീസിലേക്ക് പോയത്.

ഏപ്രില്‍ 6 ന്, മാല്‍ദീവ് എയര്‍ ലൈന്‍സിന്റെ വിമാനത്തില്‍ 189 മാലിദ്വീപ് പൗരന്മാര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയി. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഒരു വിമാനം ജര്‍മനിയിലേക്ക് പറന്നു. കേരളത്തില്‍ കുടുങ്ങിയ ജര്‍മന്‍ പൗരന്മാരെ അവരുടെ രാജ്യം മുന്‍കൈ എടുത്ത് സ്വദേശത്തേക്ക് തിരിച്ചു കൊണ്ട് പോയി.

ഇതിത്രയും വിശദമായി ഇവിടെ പറയുന്നത്, ഇതൊന്നും വെറുതെ പറയുന്നതല്ല എന്ന് ബോധ്യപ്പെടുത്താനാണ്. എല്ലാവരും നിന്നിടത്തു നില്‍ക്കുക എന്ന് പറയുമ്പോഴും മറ്റെല്ലാ രാജ്യങ്ങളും, അന്യരാജ്യങ്ങളില്‍ കുടുങ്ങി പോയ സ്വന്തം പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ട് പോകുന്നുണ്ട്. സ്വന്തം ജീവിതം വിധിക്ക് വിട്ട് കൊടുത്ത്, മരിക്കുമോ ജീവിക്കുമോ എന്ന് ഒരുറപ്പും ഇല്ലാതെ കഴിയുന്നവര്‍ ഇന്ത്യക്കാരായ ഭാഗ്യം കെട്ട മനുഷ്യര്‍ മാത്രമാണ് എന്ന് തോന്നുന്നു.

നമ്മള്‍ എത്ര കേരളീയരാണോ, അത്രമാത്രമോ അതില്‍ കൂടുതലോ കേരളീയരാണ് പ്രവാസികള്‍ എന്നത് മുഖ്യമന്ത്രി നെഞ്ചില്‍ തട്ടി പറഞ്ഞതാണെങ്കില്‍ അദ്ദേഹം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടിലെ പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ അടിയന്തിരമായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പാടാക്കി, നാട്ടില്‍ വരാന്‍ ആഗ്രഹമുള്ളവരെ, ഘട്ടം ഘട്ടമായെങ്കിലും നാട്ടില്‍ എത്തിക്കണം.

ഒരു ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാണ് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തിന് ഇത് അസാധ്യമായ കാര്യമല്ല. വേണ്ടി വന്നാല്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ട് പ്രവാസികളെ വിമാനത്താവളത്തില്‍ നിന്നും നേരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ട് പോകാന്‍ കഴിയും. ഇത് പ്രായോഗികമല്ല എന്ന് പറയാന്‍ നമുക്ക് നൂറു വാദങ്ങള്‍ ഉന്നയിക്കാം. പക്ഷെ പ്രായോഗികമാക്കാന്‍, കേരളം ഇത് വരെ പ്രകടിപ്പിച്ച ഇച്ഛാശക്തിയും നിശ്ചയ ദാര്‍ഢ്യവും മതിയാകും.

അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, ആവശ്യമുള്ള രാജ്യങ്ങളിലേക്ക് നമ്മുടെ പൗരന്മാര്‍ക്ക് വേണ്ടി മെഡിക്കല്‍ സംഘങ്ങളെ അയക്കുക എന്നതാണ്. വിവിധ മലയാളി സംഘടനകളും വ്യക്തികളുമായി സഹകരിച്ചു അതാത് രാജ്യങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കണം. ഡഅഋ യില്‍ ഇപ്പോള്‍ ഇങ്ങനെ നടക്കുന്നുണ്ട് എന്നാണറിഞ്ഞത്. സൗദിയിലും ചിലയിടങ്ങളില്‍ ഉണ്ട്. പക്ഷെ, അതില്‍ സര്‍ക്കാരിന്റെയോ എംബസ്സിയുടെയോ മുന്‍കൈയും സഹായവും ഉണ്ടാവേണ്ടതാണ്.

മറക്കരുത് നമ്മള്‍. കേരളം നേടിയ എല്ലാ അഭിവൃദ്ധിയുടെയും അസ്ഥിവാരം പ്രവാസി മലയാളികളുടെ വിയര്‍പ്പാണ്. കൃഷിയോ വ്യവസായമോ ഇല്ലാത്ത കേരളത്തെ ഒന്നാം നമ്പറായി നില നിര്‍ത്തുന്നത് അവരാണ്. പ്രവാസികള്‍. കേരളത്തിന് ഒരു പ്രതിസന്ധി ഉണ്ടായാല്‍ നമ്മളെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കുന്നത് അവരാണ്,പ്രവാസികള്‍. തിരിച്ചു, അവര്‍ക്ക് നമ്മളുണ്ട് എന്നുറപ്പ് കൊടുക്കേണ്ട സമയമാണ്. അത് ചെയ്യണം. അതിന് നമ്മള്‍ ഇനി എന്ത് വില കൊടുക്കേണ്ടി വന്നാലും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാഹിന നഫീസ

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more