ന്യൂദല്‍ഹി: ബൊഫോഴ്‌സ് വിവാദത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പരാമര്‍ശം നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി അഭിമുഖം പ്രസിദ്ധീകരിച്ച സ്വീഡിഷ് പത്രം ഡാഗെന്‍സ് നൈഹെറ്ററിന്റെ ചീഫ് എഡിറ്റര്‍ വഌദര്‍സ്‌കി. അഭിമുഖം പ്രസിദ്ധീകരിച്ചാല്‍ രാഷ്ട്രപതിയുടെ സ്വീഡന്‍ സന്ദര്‍ശനം പിന്‍വലിക്കുമെന്ന് സ്വീഡനിലെ ഇന്ത്യന്‍ അംബാസഡറായ ബനശ്രീ ബോസ് ഹാരിസണ്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബൊഫോര്‍സ് ആയുധ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും മറിച്ച് മാധ്യമ വിചാരണയാണ് നടന്നതെന്നുമുള്ള പരമാര്‍ശങ്ങള്‍ അടങ്ങുന്ന പ്രണബ് മുഖര്‍ജിയുടെ അഭിമുഖത്തിന്റെ വീഡിയോ പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെതിരെ അംബാസഡര്‍ പത്രത്തിനയച്ച പ്രതിഷേധക്കുറിപ്പില്‍ ഒരു രാഷ്ട്ര തലവന് നല്‍കേണ്ട ബഹുമാനം പത്രം നല്‍കിയില്ലെന്നും ഇന്റര്‍വ്യൂവിന് ശേഷം പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മാധ്യമ ധര്‍മത്തിനെതിരാണെന്നും അംബാസഡര്‍ ആരോപിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അയച്ച കത്തും പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.