| Monday, 7th March 2022, 3:51 pm

വെടിനിര്‍ത്തല്‍ പരാജയം; സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് ഇന്ത്യന്‍ എംബസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.

ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം നടക്കുന്നതായും എംബസി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ നിലവില്‍ കഴിയുന്ന ഇടങ്ങളില്‍ തുടരാനും എംബസി നിര്‍ദേശിച്ചു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ടെലിഫോണ്‍ സംഭാഷണം 50 മിനിറ്റോളം നീണ്ടുനിന്നു.

ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും സുരക്ഷിത ഇടനാഴിക്കും പുടിന് മോദി നന്ദി അറിയിച്ചു.

തലസ്ഥാനമായ കീവിന് പുറമെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നിവിടങ്ങളിലായിരുന്നു റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മനുഷ്യത്വ ഇടനാഴിക്ക് വേണ്ടിയാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതെന്നായിരുന്നു റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞത്.

എന്നാല്‍ തൊട്ടുപിന്നാലെ മനുഷ്യത്വ ഇടനാഴിക്കെതിരെ വിമര്‍ശനവുമായി ഉക്രൈന്‍ രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ ഇടനാഴികളും (humanitarian corridor) റഷ്യയിലേക്കാണ് തുറക്കുന്നത് എന്നും അതുകൊണ്ട് റഷ്യയിലേക്കോ ബെലാറസിലേക്കോ പോകുന്നവര്‍ക്ക് മാത്രമാണ് ഇടനാഴി കൊണ്ട് ഉപകാരമെന്നുമാണ് ഉക്രൈന്‍ ആരോപിക്കുന്നത്.

ഇത്തരം ഇടനാഴികള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് അസാന്മാര്‍ഗിക നീക്കമാണെന്നുമാണ് ഉക്രൈന്റെ നിലപാട്.

ആറ് ഇടനാഴികളാണ് ഉക്രൈനില്‍ റഷ്യ തുറന്നിട്ടുള്ളത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമാണ് ഇടനാഴികള്‍ തുറന്നത്.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു റഷ്യ ഇടനാഴികള്‍ തുറന്നത്.

ഇന്ത്യന്‍ സമയം 12:30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

കഴിഞ്ഞ ദിവസം മരിയോപോളിലും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനകം തന്നെ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കുന്നത് പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ഉക്രൈന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.


Content Highlight: Indian embassy stops evacuation from Ukraine city Sumi, says Russian cease fire failed

We use cookies to give you the best possible experience. Learn more