Daily News
പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതികളുമായി ഇന്ത്യന്‍ എംബസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 09, 04:23 pm
Tuesday, 9th September 2014, 9:53 pm

[] അബുദാബി: പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസിയും  കേന്ദ്ര പ്രവാസികാര്യ വകുപ്പും യോഗം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 13ന് അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ യു.എ.ഇയിലെ വിവിധ സംഘടനാ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികളെക്കുറിച്ച് ഇന്ത്യന്‍ എംബസിയും സര്‍ക്കാര്‍ പ്രതിനിധികളും യോഗത്തില്‍ വിശദീകരണം നല്‍കും. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചും പ്രവാസികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ യോഗം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംഘടനകളുടെ പങ്ക്, പ്രവാസി പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ പങ്ക്, യു.എ.ഇയിലെ തൊഴിലുടമകളുടെ കാഴ്ചപ്പാട് എന്നിവയാണ് യോഗം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.

യു.എ.ഇ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമിന്റെ നേതൃത്വത്തിലാണ് പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഈ പരിപാടി സംഘടിപ്പിക്കുന്നത്.